ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ടെന്ന് തീരുമാനിച്ചു; വെള്ളാപ്പള്ളിക്ക് മറുപടിയുമായി സുകുമാരൻ നായർ

vellappalli

എസ്എൻഡിപി-എൻഎസ്എസ് ഐക്യനീക്കം പിൻമാറ്റത്തിൽ പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ് ഡയറക്ടർ ബോർഡാണ് ഐക്യം വേണ്ടതെന്ന് തീരുമാനിച്ചത്. അതിൽ ആരും ഇടപെട്ടിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

വെള്ളാപ്പള്ളിക്കെതിരായ വിമർശനങ്ങളെ എതിർത്ത് അദ്ദേഹത്തെ പിന്തുണച്ചപ്പോഴാണ് വെള്ളാപ്പള്ളി ഫോണിൽ സംസാരിച്ചത്. ഐക്യം വേണമെന്ന് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളിയാണ്. ആകാമെന്ന് ഞാൻ മറുപടിയും പറഞ്ഞു. പിന്നാലെ തുഷാറും പറഞ്ഞു. മൂന്ന് ദിവസത്തിനകം വരാമെന്ന് പറഞ്ഞു. എന്തിനാണ് അത്രയും ദിവസം കാത്തിരിക്കുന്നത്

തുഷാറിനെ ഞാൻ തിരിച്ചുവിളിച്ച് താങ്കൾ എൻഡിഎ നേതാവ് അല്ലേ എന്ന് ചോദിച്ചു. നിങ്ങൾക്ക് എങ്ങനെ ഐക്യ ചർച്ചക്ക് സാധ്യമാകുമെന്നും തുഷാറിനോട് ചോദിച്ചു. വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ കിട്ടിയതിൽ ആക്ഷേപമൊന്നും ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. 

ഐക്യ നീക്കം പാളിയതിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നിരുന്നു. . ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ട് അല്ല. നായർ സമുദായം സഹോദര സമുദായമാണ്. സുകുമാരൻ നായർ നിഷ്‌കളങ്കനും മാന്യനുമാണെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു

കേവലം നായർ-ഈഴവ ഐക്യമല്ല പറഞ്ഞത്. ഐക്യമുണ്ടാകേണ്ടത് നായാടി മുതൽ നസ്രാണി വരെയാണ്. എസ്എൻഡിപിക്ക് മുസ്ലിം വിരോധമില്ല. മുസ്ലിം വിരോധിയാക്കി കത്തിച്ച് കളയാനാണ് ശ്രമം നടക്കുന്നത്. വിരോധമുള്ളത് മുസ്ലിം ലീഗിനോട് മാത്രമാണെന്നും മുസ്ലിം വിഭാഗത്തിലെ സമുദായ സംഘടനകളോടൊക്കെ ബഹുമാനം മാത്രമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു
 

Tags

Share this story