പിണറായിയെപ്പോലെ ഒളിച്ചല്ല കണ്ടത്, പരസ്യമായിത്തന്നെയാണ്; ഹിന്ദു ഐക്യവേദി കൂടിക്കാഴ്ചാ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉയർന്നുവന്ന വിവാദങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ ആരെയും രഹസ്യമായി കണ്ടിട്ടില്ലെന്നും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ നിവേദനം നൽകാൻ എത്തിയവരെ കാണാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മാസ്ക്കറ്റ് ഹോട്ടലിൽ ആരെയും അറിയിക്കാതെ, മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് മറ്റൊരു വാഹനത്തിൽ പോയി ആർ.എസ്.എസ് നേതാക്കളെ കണ്ടതുപോലെ ഒളിച്ചുകടത്തമല്ല താൻ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ലക്ഷ്യമിട്ട് സതീശൻ ആഞ്ഞടിച്ചു. താൻ കൂടിക്കാഴ്ച നടത്തിയത് തികച്ചും പരസ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു ഐക്യവേദി നേതാക്കൾ തനിക്ക് നിവേദനം നൽകാൻ മുൻകൂട്ടി അനുവാദം വാങ്ങിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റ് നൂറുകണക്കിന് പൊതുജനങ്ങൾക്കൊപ്പം തന്നെയാണ് അവരും ഓഫീസിലെത്തിയത്. തനിക്കെതിരെ നിരന്തരം പ്രചാരണം നടത്തുന്നവരാണ് ഈ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന രണ്ട് നേതാക്കൾ. അതിന്റെ പേരിൽ ഒരു ഭരണാധികാരിക്ക് അവരെ കാണാൻ പറ്റില്ലെന്ന് പറയാനാകുമോ എന്ന് അദ്ദേഹം ചോദിച്ചു.
താൻ കോൺഗ്രസിന്റെയോ യു.ഡി.എഫിന്റെയോ മാത്രം മുഖ്യമന്ത്രിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും തന്നെ കാണാൻ വരുന്ന പൊതുജനങ്ങളെ മടക്കി അയക്കുന്നത് തെറ്റായ നടപടിയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഹിന്ദു ഐക്യവേദി നേതാക്കളെ ഇരുത്തിയ അതേ കസേരയിൽ തന്നെയാണ് അടുത്ത ദിവസം സർക്കാരിനെതിരെ സമരം ചെയ്യുന്ന എൽ.ഡി.എഫ് അനുകൂല അധ്യാപക-സർവീസ് സംഘടന നേതാക്കളെ ഇരുത്തി താൻ സംസാരിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തുഷാർ വെള്ളാപ്പള്ളി തന്നെ ആലുവയിലെ വസതിയിൽ വന്ന് കണ്ടതിനെക്കുറിച്ചുള്ള ആരോപണങ്ങളും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ലെന്ന വാർത്തകളും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ബജറ്റ് തിരക്കുകൾ മൂലമാണ് എൻ.എസ്.എസ് പ്രതിനിധിയെ അന്ന് നേരിട്ട് ബന്ധപ്പെടാൻ കഴിയാതിരുന്നതെന്നും പിന്നീട് ഫോണിൽ വിളിച്ച് വളരെ സൗഹാർദ്ദപരമായി സംസാരിച്ചിരുന്നതായും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
