പീഡനശ്രമ കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹർജി; ഹൈക്കോടതിയിൽ ഇന്ന് തുടർവാദം

unni

പീഡനശ്രമ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് തുടർവാദം കേൾക്കും. പരാതിക്കാരി ഇ മെയിൽ വഴി ഒത്തുത്തീർപ്പിന് ശ്രമിച്ചതായും സത്യവാങ്മൂലം കെട്ടിച്ചമച്ചതാണെന്ന ആരോപണം വ്യാജമാണെന്നും ഉണ്ണി മുകുന്ദന്റെ അഭിഭാഷകനായ സൈബി ജോസ് വാദിച്ചിരുന്നു. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്

2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് ചുമത്തിയ കേസിൽ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021ൽ കേസിന്റെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസാണ് താരത്തിന് വേണ്ടി ഹാജരായത്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിച്ചതോടെ വിചാരണ നടപടികൾ സ്റ്റേ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു. 

അതേസമയം സത്യവാങ്മൂലത്തിൽ തന്റെ ഒപ്പ് വ്യാജമായി ഇട്ടാണ് സമർപ്പിച്ചതെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.
 

Share this story