ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി കൊടുത്തുവിടാൻ പാടില്ലായിരുന്നു, വീഴ്ച പറ്റി: പി എസ് പ്രശാന്ത്

ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. 2019ൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ സ്വർണപ്പാളി കൊടുത്തുവിടാൻ പാടില്ലായിരുന്നുവെന്ന് പ്രശാന്ത് പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി ആരാണെന്ന് ദേവസ്വം ബോർഡിന് ധാരണയില്ല. അദ്ദേഹം തന്നെയാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ ആ കുഴിയിൽ അദ്ദേഹം തന്നെ വീണു. സമഗ്രമായ അന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു
2019ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്‌പോൺസർഷിപ്പിൽ ചെന്നൈയിലാണ് ചെമ്പുപാളികൾക്ക് സ്വർണം പൂശിയത്. ആ കാലത്ത് തന്നെ ദ്വാരപാലക ശിൽപ്പങ്ങൾക്ക് പീഠം കൂടി നിർമിച്ചിരുന്നു. ശബരിമലയിൽ ഇത് എത്തിച്ചെങ്കിലും അളവിലുള്ള വ്യത്യാസം കാരണം സ്ഥാപിക്കാനായില്ല
എന്നാൽ 2019ൽ താൻ നൽകിയ സ്വർണം പൂശിയ പീഠങ്ങൾ കാണാനില്ലെന്ന ആരോപണവുമായി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തുവന്നു. ഇതോടെ ദേവസ്വം ബോർഡ് സത്യം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. സംശയമുന ഉണ്ണികൃഷ്ണൻ പോറ്റിയിലേക്ക് നീണ്ടു. തുടർന്ന് പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസ് ഇത് കണ്ടെത്തുകയായിരുന്നു.