വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

ശിവൻകുട്ടി

തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തിന് പിന്തുണയുമായി മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരമാണ് നടക്കുന്നതെന്ന് വി ശിവൻകുട്ടി പറഞ്ഞു. എൽപിഎസ്ടി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പറഞ്ഞാണ് യുഡിഎഫ് അധികാരത്തിൽ എത്തിയത്. എന്നാൽ ഇന്ന് അത് എല്ലാം കാറ്റിൽ പറത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വളർമതിയുടെ ജീവൻ അപകടത്തിലാണ്. അടിയന്തരമായി ഒത്തുതീർപ്പ് യോഗം വിളിക്കണം. മുഖ്യമന്ത്രി അന്ന് നൽകിയ ഉറപ്പ് പാലിക്കാൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

എല്‍പിഎസ്ടി സമരവുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് സമര നേതാവ് വളര്‍മതി വ്യക്തമാക്കി. വെയിലത്തും മഴയത്തും ഞങ്ങളെ കിടത്താനാണ് ആഗ്രഹമെങ്കില്‍ അത് നടക്കട്ടെ. സമരപ്പന്തല്‍ പൊളിച്ചു മാറ്റിയേ പറ്റൂ എന്ന നിര്‍ബന്ധമാണ് സര്‍ക്കാരിനെന്നും വളര്‍മതി പറഞ്ഞു. അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്‌തോട്ടെ. ഇത്രയും കാലവും ഇവിടെ നടപ്പാതയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നു. അതൊന്നും ഇതുവരെയും ആരും എടുത്തു മാറ്റിയിട്ടില്ല. പൊലീസ് അവരുടെ ഡ്യൂട്ടി ചെയ്‌തോട്ടെ, എന്നാല്‍ സമരത്തില്‍ നിന്ന് പിന്മാറാനില്ലെന്ന് വളര്‍മതി വ്യക്തമാക്കി.

Tags

Share this story