വന്ദന കൊലക്കേസ്: പോലീസിനും ഡോക്ടർമാർക്കും വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്

vandana

ഡോക്ടർ വന്ദന കൊലക്കേസിൽ പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവം തടയുന്നതിൽ രണ്ട് ഡോക്ടർമാർക്കും പോലീസിനും കുറ്റകരമായ ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തൽ. കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ സാജൻ മാത്യു തയാറാക്കിയ റിപ്പോർട്ടിലാണ് പോലീസിനും സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാർക്കുമെതിരെ ഗുരുതര കണ്ടെത്തലുകൾ ഉള്ളത്.

ഹൗസ് സർജന്മാരെ കൂടാതെ ഡോക്ടർമാരേയും സംഭവ ദിവസം ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാൽ സന്ദീപിനെ ചികിത്സിച്ച സമയത്ത് രണ്ട് ഡോക്ടർമാരുടേയും സാന്നിധ്യമുണ്ടായിരുന്നില്ല. ഇവർക്ക് ജാഗ്രത കുറവുണ്ടായി. ഗുരുതര പരിക്ക് പറ്റിയ വന്ദനയ്ക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും മുൻപ് പ്രഥമിക ചികിത്സ നൽകിയിരുന്നില്ല. സംഭവം നേരിടുന്നതിൽ പോലീസിനും ഗുരുതര വീഴ്ച്ചയുണ്ടായി. 

അക്രമം നടക്കുമ്പോൾ പോലീസ് പുറത്തേക്ക് ഓടിയെന്നും സ്വയം രക്ഷയ്ക്കായി കതക് പുറത്ത് നിന്ന് അടയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് പ്രതി അത്യാഹിത വിഭാഗത്തിനുള്ളിൽ കടന്ന് അക്രമണം തുടരാൻ ഇടയാക്കിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആശുപത്രിയിലെ മറ്റ് സുരക്ഷ ജീവനക്കാരും കാര്യക്ഷമമായി ഇടപ്പെട്ടില്ല. ആശുപത്രിയിൽ സുരക്ഷയ്ക്കായി വിമുക്തഭടന്മാരെ നിയോഗിക്കണമെന്ന് നിർദേശത്തോടെയാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.

Share this story