വന്ദേഭാരത് എക്‌സ്പ്രസ്; ഫ്ളാഗ് ഓഫിനായി കാത്തിരിക്കുന്നു: വികസനം രാഷ്ട്രീയത്തിന് അതീതമെന്ന് ശശി തരൂര്‍

Sashi Tharoor

കേരളത്തിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ എത്തിച്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഏപ്രില്‍ 25ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫഌാഗ് ഓഫ് ചെയ്യുന്നത്. ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി താന്‍ കാത്തിരിക്കുകയാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിന് താന്‍ പങ്കുവച്ച ഒരു ട്വീറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ പുതിയ ട്വീറ്റ്. കേരളത്തിനും വന്ദേഭാരത് എക്‌സ്പ്രസ് ആവശ്യമാണെന്ന് കാട്ടിയായിരുന്നു തരൂരിന്റെ കഴിഞ്ഞ വര്‍ഷത്തെ ട്വീറ്റ്. 14 മാസങ്ങള്‍ക്ക് മുന്‍പ് താന്‍ ട്വീറ്റിലൂടെ ഉന്നയിച്ച കാര്യം ഇപ്പോള്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സാധ്യമാക്കിയിരിക്കുന്നുവെന്നും തരൂര്‍ ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി.

വന്ദേ ഭാരത് കേരളത്തിലേക്ക് എത്തുന്നത് വികസനത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് കഴിഞ്ഞ ഫെബ്രുവരിയിലെ ട്വീറ്റിലൂടെ ശശി തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വികസനം രാഷ്ട്രീയത്തിന് അതീതമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. കേരളത്തിന് വന്ദേഭാരത് എക്‌സ്പ്രസ് അനുവദിച്ച റെയില്‍വേ മന്ത്രിയുടെ നടപടിയില്‍ താന്‍ സന്തോഷിക്കുന്നതായും പുതിയ ട്വീറ്റിലൂടെ തരൂര്‍ വ്യക്തമാക്കി.

Share this story