കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ?; പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ ഫ്ലാഗ് ഓഫ് ചെയ്‌തേക്കും

Train

നിർമാണം പൂർത്തിയായ വന്ദേഭാരത്‌ ട്രെയിൻ കേരളത്തിന് ലഭിക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിൽ വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്‌തേക്കും . ഒരുക്കങ്ങൾക്ക് തയ്യാറെടുക്കാൻ സതേൺ റെയിൽവേക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഓദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടായേക്കും.

‘യുവം’ പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. കൊച്ചിയിലെത്തുന്ന നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമെന്നും വന്ദേ ഭാരത് ട്രെയിന്‍റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ നാളെയോടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായേക്കും.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരതിന്‍റെ സർവീസ്. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയായിരിക്കും വേഗത. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്റ്റോപ്പുകൾ.

Share this story