വന്ദേമാതരം ഉത്തരവ്; മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി: നിലപാടിൽ മാറ്റമില്ല
സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന സർക്കാർ ഉത്തരവിൽ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ പൂർണ്ണമായും ചൊല്ലേണ്ടതില്ല. ഇന്ത്യ മുന്നണിയുടെ നിലപാട് തന്നെയാണ് സംസ്ഥാനത്തും ആവർത്തിക്കുക. ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെ കുറിച്ച് അറിയില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. കേന്ദ്രസർക്കാർ നിർദേശപ്രകാരം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ആലപിക്കണം എന്നാണ് ഉത്തരവ്. പൂർണമായും ആലപിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. വന്ദേമാതരം പൂർണമായും ആലപിക്കേണ്ടെന്നായിരുന്നു സർക്കാർ നിലപാട്.
നേരത്തെ നിയമസഭയില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേ മാതരംമുഴുവന്‍ പാടാത്തതില്‍ സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പ്രതിഷേധം അറിയിച്ചിരുന്നു. വന്ദേ മാതരം മുഴുവന്‍ പാടേണ്ടതായിരുന്നു എന്ന് പറഞ്ഞ ഗവര്‍ണര്‍, എന്തുകൊണ്ട് പാടിയില്ല എന്ന് സ്പീക്കറോട് ചോദിക്കുകയും ചെയ്തിരുന്നു. വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ഈരടികളാണ് സഭയില്‍ പാടിയത്. നേരത്തെ, സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി പാടിയിരുന്നു.
വന്ദേമാതരം മുഴുവന്‍ പാടാനാവില്ലെന്നും യുഡിഎഫിന്റെ നയത്തിനപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നുമാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ അന്ന് വ്യക്തമാക്കിയത്. പൊളിറ്റിക്കല്‍ ഐഡിയോളജിയുടെ ഭാഗമായി നില്‍ക്കുന്ന ഒരു പാര്‍ട്ടിയാണ് യുഡിഎഫ് സക്കാരിനെ നയിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു നയമുണ്ട്. അത് അനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
