വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാൽ; സുപ്രീം കോടതിയിൽ ഹർജി
Updated: May 11, 2023, 11:29 IST

വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് സ്‌റ്റോപ്പ് അനുവദിക്കാത്തത് എന്നാണ് ഹർജിക്കാരന്റെ വാദം. തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ഹൈക്കോടതിയെ സമീപിച്ച പി ടി ഷിജീഷ് തന്നെയാണ് സുപ്രീം കോടതിയെയും സമീപിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറം. അതിനാൽ മലപ്പുറം ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പിന് അവകാശമുണ്ട്.
ആദ്യം റെയിൽവേ പുറത്തിറക്കിയ ടൈം ടേബിൾ പ്രകാരം വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പുണ്ടായിരുന്നു. എന്നാൽ പിന്നീടിത് ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്നും ഷിജീഷ് പറയുന്നു.