സിൽവർ ലൈൻ അപ്രായോഗികമാണെന്ന് ഉറപ്പിക്കുന്നതാണ് കേരളത്തിലേക്കുള്ള വന്ദേഭാരത്: വി മുരളീധരൻ

V Muraleedharan

കേരളത്തിനുള്ള വന്ദേഭാരത് എക്‌സ്പ്രസ് എവിടെയെന്ന് ചോദിച്ചവർക്ക് നരേന്ദ്രമോദി സർക്കാർ മറുപടി നൽകിയിരിക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. അതിവേഗ തീവണ്ടി കേരളത്തിന്റെ വികസനവേഗം വർധിപ്പിക്കും. വന്ദേഭാരത് സർവീസ് സംബന്ധിച്ച് പാർലമെന്റിൽ നൽകിയ മറുപടി വളച്ചൊടിച്ച് കേരളത്തിന് വന്ദേഭാരത് ഇല്ലെന്ന പ്രചാരണം നടന്നു. നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ ഇടപെടലുകളെ തെറ്റിദ്ധരിപ്പിക്കാൻ മുഖ്യമന്ത്രി അടക്കം കൂട്ടുനിന്നെന്നും മുരളീധരൻ ആരോപിച്ചു

വന്ദേഭാരത് കേരളത്തിന് അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും ആദ്യമേ നന്ദി അറിയിക്കുന്നു. പ്രധാനമന്ത്രി എല്ലാത്തവണയും കേരളം സന്ദർശിക്കുമ്പോൾ കേരളത്തിനായി വലിയ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. കഴിഞ്ഞ തവണ എറണാകുളത്ത് വന്നപ്പോൾ 4500 കോടി രൂപയുടെ പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇത്തവണവും അതുപോലുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരൻ പറഞ്ഞു. 

പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചല്ല കേന്ദ്രസർക്കാർ വികസനം കൊണ്ടുവരുന്നത്. സിൽവർ ലൈനും വന്ദേഭാരതും തമ്മിലുള്ള വ്യത്യാസമാണ് കേന്ദ്രവും കേരളാ സർക്കാരും തമ്മിലുള്ളത്. സിൽവർ ലൈൻ അപ്രായോഗികമാണെന്ന് ഉറപ്പിക്കുന്നതാണ് വന്ദേഭാരതിന്റെ വരവെന്നും മുരളീധരൻ പറഞ്ഞു.
 

Share this story