കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരണവുമായി വട്ടിയൂർക്കാവിലെ നിയുക്ത എംഎൽഎ കെ മുരളീധരൻ
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരണവുമായി വട്ടിയൂർക്കാവിലെ നിയുക്ത എംഎൽഎ കെ മുരളീധരൻ. മുഖ്യമന്ത്രി പദത്തിലേക്ക് സീനിയോരിറ്റിയൊന്നും പ്രശ്നമല്ല. ഇതൊരു സിംഗിൾ പാർട്ടി സർക്കാരാണ്. എംഎൽഎമാരുടെ ഭൂരിപക്ഷവും ഘടകകക്ഷികളുടെ അഭിപ്രായവുമാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാകണം. അത് 24 മണിക്കൂറിനകം പൂർത്തിയാകുമെന്ന് കെ മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
കോൺഗ്രസ് പ്രവർത്തകരുടെ ഫ്ലെക്സ് പോരിലും കെ മുരളീധരൻ പ്രതികരിച്ചു. പ്രകടനങ്ങൾ നടത്തുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് തനിക്കെന്ന് അദേഹം പറഞ്ഞു. പ്രകടനങ്ങൾ കൊണ്ടോ ഫ്ലക്സ് കൊണ്ടോ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ല. ഫ്ലക്സിന്റെ എണ്ണം കൂടിയതുകൊണ്ടോ ജാഥകൾ കൂടുന്നതുകൊണ്ടോ കാര്യങ്ങൾ തീരുമാനമാകില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.
അതേസമയം വെള്ളയമ്പലത്തെ വി ഡി സതീശന്റെ ഫ്ളക്സിൽ തുപ്പി പ്രതിഷേധം നടത്തിയതിനെ കെ മുരളീധരൻ വിമർശിച്ചു. ഫ്ലക്സിൽ തുപ്പുന്നവരൊന്നും കോൺഗ്രസുകാരല്ല. അവർ കാണിക്കുന്നത് അവരുടെ സംസ്കാരമാണെന്ന് അദേഹം പറഞ്ഞു. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ഇന്ന് ഡൽഹിയിൽ നിർണായക ചർച്ചകൾ. വി ഡി സതീശൻ , രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും,രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും.
