വാവർ മുസ്ലിം തീവ്രവാദിയാണെന്ന പരാമർശം; ശാന്താനന്ദ മഹർഷിക്കെതിരെ കേസെടുത്തു

ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘപരിവാർ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിയ്ക്കെതിരെ കേസെടുത്തു. പന്തളം പോലീസാണ് കേസെടുത്തിരിക്കുന്നത്. വാവർ മുസ്ലീം തീവ്രവാദിയാണെന്നായിരുന്നു ശബരിമല സംരക്ഷണ സംഗമത്തിൽ ശാന്താനന്ദ മഹർഷി പറഞ്ഞത്
ശാന്താനന്ദയ്‌ക്കെതിരെ മൂന്നോളം പരാതികളാണ് പന്തളം പോലീസിന് ലഭിച്ചത്. ഈ പരാതിയിൽ നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ നിയമസംഹിത പുതിയ നിയമപ്രകാരം 299,196 (1ബി) വിശ്വാസം വൃണപ്പെടുത്തൽ രണ്ട് മത വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ശാന്താനന്ദയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസിന്റെ മാധ്യമ വക്താവായ ആർ അനൂപ്, പന്തളം രാജകുടുംബാഗമായ പ്രദീപ് വർമ, ഡിവൈഎഫ്‌ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പരാമർശത്തിനെതിരെ പരാതി നൽകിയിരുന്നു.