വിസി നിയമന ഒത്തുതീർപ്പ്: സിപിഎമ്മിൽ അതൃപ്തി പുകയുന്നു, മുഖ്യമന്ത്രിക്കെതിരെ വിമർശനം

AKG

വി സി നിയമനത്തിൽ ഗവർണറുമായി മുഖ്യമന്ത്രി ഒത്തുതീർപ്പിൽ എത്തിയതിൽ സിപിഎമ്മിൽ എതിർപ്പ് രൂക്ഷം. വിസി നിയമനത്തിന് പിന്നാലെ കേരള സർവകലാശാല രജിസ്ട്രാർ അനിൽകുമാറിനെ പുറത്താക്കുക കൂടി ചെയ്തതോടെ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുകയാണ്. ഗവർണറുമായുള്ള ഒത്തുതീർപ്പ് അറിയിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നു. 

ഒത്തുതീർപ്പ് രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കും എന്നായിരുന്നു നേതാക്കളുടെ മുന്നറിയിപ്പ്. പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടി ആയിരുന്നു നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തത്. വിസി നിയമനത്തിന് പിന്നാലെ രജിസ്ട്രാറെ പുറത്താക്കുക കൂടി ചെയ്തതോടെ സർക്കാർ ഗവർണർക്ക് വഴങ്ങി എന്നാണ് നേതാക്കളുടെ വിമർശനം. 

സിസ തോമസിനെ കേരള സാങ്കേതിക സർവ്വകലാശാലയിൽ വി സിയായി നിയമിച്ചതിന് പിന്നാലെയാണ് കേരള സർവകലാശാലയിലും സർക്കാർ കീഴടങ്ങിയത്. ശാസ്താംകോട്ട ഡി ബി കോളജിലെ പ്രിൻസിപ്പൽ ആയിരുന്ന അനിൽകുമാറിനെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലായിരുന്നു രജിസ്ട്രാറായി പുനർനിയമിച്ചത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഭാരതാംബ വിവാദത്തിന്റെ പേരിൽ അനിൽകുമാറിനെ രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തത്. 

Tags

Share this story