വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഗുരുതര വീഴ്ച; കേരളത്തോട് മാപ്പ് പറയണം: വി.ഡി. സതീശൻ

VD Satheshan

തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വിസിമാരുടെ പദവിക്കും നിരക്കാത്ത ഗുരുതരമായ വീഴ്ചയാണെന്നും പങ്കെടുത്ത മൂന്ന് വിസിമാരും കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

​കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ, എം.ജി സർവകലാശാല വി.സി ഡോ. ഡി. മാവൂത്, മലയാളം സർവകലാശാല വി.സി സി.ആർ. പ്രസാദ് എന്നിവരാണ് 'സംഘ്പരിവാറിന്റെ നൂറു വർഷങ്ങൾ' എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്.

​"കേരളീയ പൊതുസമൂഹം വലിയ ആദരവോടെയാണ് വൈസ് ചാൻസലർ പദവിയെ കാണുന്നത്. എന്നാൽ, ആ പാരമ്പര്യത്തെയും അന്തസിനെയും പൂർണ്ണമായി കളങ്കപ്പെടുത്തുന്ന രീതിയിലാണ് തീവ്ര വർഗീയത പ്രസംഗിക്കുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാകില്ല, അത് വച്ചുപൊറുപ്പിക്കുകയുമില്ല."

വി.ഡി. സതീശൻ

 

​ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങൾക്ക് കുടപിടിക്കുന്ന രീതിയിലാണ് വിസിമാർ ആർ.എസ്.എസ് വേദി പങ്കിട്ടതെന്ന വിമർശനം ഇതിനോടകം തന്നെ ശക്തമായിട്ടുണ്ട്. മാധ്യമങ്ങൾക്ക് കനത്ത നിയന്ത്രണം ഏർപ്പെടുത്തി നടത്തിയ ചടങ്ങിലാണ് സംസ്ഥാനത്തെ പ്രമുഖ സർവകലാശാലാ തലവന്മാർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഈ നിലപാടിൽ വിസിമാർ എത്രയും വേഗം പ്രബുദ്ധ ജനതയോട് മാപ്പ് പറയണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

Tags

Share this story