വിഡി സതീശൻ നടത്തുന്നത് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്‌സൽ; സംസാരം ശരിയല്ലെന്ന് വെള്ളാപ്പള്ളി

vellappally natesan

 ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഭക്തരെ പങ്കെടുപ്പിച്ചുള്ള പരിപാടി അത്ഭുതമാണ്. ശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയിൽ എത്തും. ശബരിമലയുടെ വരുമാനം വർധിക്കും. 

ശബരിമല വികസനത്തിലേക്ക് പോകും. പിന്നിൽ നിന്ന് കുത്തുന്നതും പിന്തിരിഞ്ഞ് നിൽക്കുന്നതും അപഹാസ്യമാണ്. അയ്യപ്പ സംഗമത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നത് ബാലിശമായ ആരോപണമാണ്. സ്ത്രീ പ്രവേശന വിഷയം ഇപ്പോഴില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

ദേവസ്വം ബോർഡ് ഭംഗിയായി കാര്യങ്ങൾ കൊണ്ടുപോകുന്നുണ്ട്. വനംവകുപ്പിന്റെ അനാവശ്യ ഇടപെടലുണ്ട്. വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലാത്തതിന്റെ ചെറിയ പ്രശ്‌നങ്ങളുണ്ട്. സർക്കാർ അത് പരിഹരിക്കണം.യുഡിഎഫിൽ ആശയക്കുഴപ്പമുണ്ട്. ലീഗും കേരള കോൺഗ്രസും ഉള്ളിടത്തോളം ആശയ ഐക്യം ഉണ്ടാകില്ല. 

യുഡിഎഫിനെ നയിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് യുഡിഎഫിന് ആശയ ഐക്യം ഉണ്ടാകാത്തത്. വിഡി സതീശൻ എസ്എൻഡിപി പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് അത്. മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്‌സൽ ആണ് സതീശൻ നടത്തുന്നത്. എന്നാൽ സതീശന്റെ സംസാരം ശരിയല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് സതീശനെ എസ്എൻഡിപി പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും നടേശൻ പറഞ്ഞു.
 

Tags

Share this story