വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

വീണാ ജോർജ്

കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആദ്യയോഗം ഇന്ന് ചേരും. കെഎപി നാലാം ബറ്റാലിയന്‍റെ ആസ്ഥാനമായ കണ്ണൂരിലെ ധർമ്മശാലയിൽ വൈകീട്ട് നാല് മണിക്കാണ് യോഗം. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്‍റ് യു. പ്രേമന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. കണ്ണൂർ എസിപി എം.പി. ആസാദ്, റെയിൽവേ സിഐ ജി.എസ്. സജി എന്നിവരുൾപ്പെടെ 8 പേരാണ് സംഘത്തിലുള്ളത്. ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

മാരകായുധങ്ങളുമായെത്തി മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ഗൺമാന്‍റെ പരാതിയിൽ കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ ഉൾപ്പെടെ 5 പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പും ചുമത്തിയിരുന്നു. പിന്നീട് ഇത് ഒഴിവാക്കിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മന്ത്രിയുടേയും ഗൺമാന്‍റേയും മൊഴി പുതിയ അന്വേഷണസംഘം രേഖപ്പെടുത്തും. കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിൽ ഉന്നത തലത്തിലുള്ള ഗൂഡാലോചന നടന്നതായി കെഎസ്‍യു ആരോപിച്ചിരുന്നു. ഇതിലും അന്വേഷണം ഉണ്ടാകും.

Tags

Share this story