വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു; മന്ത്രിയുടെ ബന്ധുവിനെ പ്രസിഡന്റാക്കാൻ നീക്കമെന്ന് ആരോപണം
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർ കോയ തങ്ങൾ രാജിവച്ചതോടെ മുസ്ലിം ലീഗിൽ പുതിയ വിവാദം. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കാൻ നിലവിലെ പ്രസിഡന്റിനെ രാജിവെപ്പിച്ചെന്നാണ് ഉയരുന്ന ആരോപണം.പ്രതിപക്ഷമില്ലാതെ യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്താണ് വേങ്ങര. ഇത്തവണ ഭരണം നിലനിർത്തിയതിന് പിന്നാലെ തന്നെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ തർക്കം ഉടലെടുത്തിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുതിർന്ന നേതാവിനെ ഒഴിവാക്കി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പി.കെ. അബു താഹിറിനെ പരിഗണിച്ചതാണ് തർക്കത്തിന് കാരണമായത്. അബു താഹിറിനെതിരെ പ്രാദേശിക തലത്തിൽ എതിർപ്പ് ഉയർന്നതോടെ ഇരുവരെയും ഒഴിവാക്കി, നേരത്തെ ഊരകം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.കെ. മൻസൂർ കോയ തങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കിയാണ് പാർട്ടി പ്രശ്നം പരിഹരിച്ചത്.
എന്നാൽ ഭരണം ഏറ്റെടുത്ത് ഒരു വർഷം തികയും മുൻപ് കെ.കെ. മൻസൂർ കോയ തങ്ങൾ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ നിർദേശപ്രകാരമാണ് രാജിയെന്നാണ് മൻസൂർ തങ്ങളുടെ വിശദീകരണം.എന്നാൽ രാജിവെക്കാനുള്ള കാരണം എന്താണെന്ന് തനിക്കും വ്യക്തമായില്ലെന്നാണ് മൻസൂർ തങ്ങൾ പറയുന്നത്. അതേസമയം, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പി.കെ. അബൂത്വാഹിറിനെ പ്രസിഡന്റാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രാജിയെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന ആരോപണം.
പ്രസിഡന്റിന്റെ രാജിയോടെ വേങ്ങരയിലെ മുസ്ലിം ലീഗിനുള്ളിലെ വിഭാഗീയതയും വീണ്ടും ശക്തമായിരിക്കുകയാണ്. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള നീക്കങ്ങളും ഇതോടെ നിർണായകമായി.
