വേണുവിനെ തറയിലാണ് കിടത്തിയത്, പ്രാകൃതമായ ചികിത്സാ നിലവാരം: ഡോ. ഹാരിസ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗത്തിന് ചികിത്സ തേടിയ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തിൽ വിമർശനവുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. വേണുവിനെ തറയിൽ കിടത്തി ചികിത്സിച്ചതിനെ ഡോ. ഹാരിസ് വിമർശിച്ചു. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നത്. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു
നാടാകെ മെഡിക്കൽ കോളേജുകൾ തുടങ്ങിയിട്ട് കാര്യമില്ല. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. പ്രാകൃതമായ ചികിത്സാ നിലവാരമാണുള്ളതെന്നും മെഡിക്കൽ സർവീസ് സെന്റർ സെമിനാറിൽ സംസാരിക്കവെ ഡോ. ഹാരിസ് പറഞ്ഞു.
കൊല്ലം പല്ലനയിൽ നിന്ന് തിരുവനന്തപുരം വരെ ചികിത്സ തേടി വരേണ്ടി വന്നു എന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. നാടൊട്ടുക്ക് മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ല. ഏറ്റവും ആധുനിക സൂപ്പർ സ്‌പെഷ്യാലിറ്റി കെയർ സെന്റർ സൗകര്യങ്ങളാണ് വേണ്ടത്.
വേണുവിനെ കൊണ്ടുവന്നപ്പോൾ തറയിലാണ് കിടത്തിയത്. ഒന്ന്, 2, 28 വാർഡുകളിൽ സംസ്‌കാരമുള്ള ആർക്കും പോകാനാകില്ല. ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും രോഗാവസ്ഥയിലുള്ള ആളെ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കാൻ പറ്റുകയെന്നും ഡോ. ഹാരിസ് ചോദിച്ചു.
