രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടായേക്കും

Rahul

ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി വന്നേക്കും. ഇന്നലെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഒന്നര മണിക്കൂർ നേരം വിശദമായ വാദം കേട്ടെങ്കിലും ചില രേഖകൾ കൂടി സമർപ്പിക്കണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെ തുടർ വാദത്തിനായി മാറ്റുകയായിരുന്നു. രാഹുലിന്റെ അറസ്റ്റും കോടതി തടഞ്ഞിട്ടില്ല

അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. ബലാത്സംഗവും ഗർഭച്ഛിദ്രവും നടന്നുവെന്ന് സ്ഥാപിക്കുന്നതിന് ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. എന്നാൽ ഉഭയ സമ്മത പ്രകാരമുള്ള ശാരീരിക ബന്ധമാണുണ്ടായതെന്നും യുവതിയുടെ ഇഷ്ടപ്രകാരമാണ് ഗർഭച്ഛിദ്രം നടത്തിയതെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്. 

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ കെപിസിസിക്ക് പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചു. അയൽ സംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി അയച്ചത്

പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിന്റെ കുരുക്ക് മുറുകും. രണ്ടാമത്തെ ബലാത്സംഗത്തിന്റെ എഫ്‌ഐആർ പ്രോസിക്യൂഷൻ കോടതിയിൽ നൽകും. രാഹുൽ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടും. കൂടാതെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് തന്നെയുണ്ടാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും

Tags

Share this story