മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കർ അന്തരിച്ചു

brp

മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കർ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്

സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികൾ നേടിയ മാധ്യമപ്രവർത്തകനാണ്. ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1932 മാർച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് ഏ കെ ഭാസ്‌കർ ഈഴവനേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. 

മീനാക്ഷി ഭാസ്‌കർ ആണ് മാതാവ്. 1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്‌സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കിയ ബി ആർ പി ഭാസ്‌കർ 'ചരിത്രം നഷ്ടപ്പെട്ടവർ', 'ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ' എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

1991ൽ ജോലിയിൽ നിന്ന് വിരമിച്ചു. കേരള സർക്കാരിൻറെ സ്വദേശാഭിമാനി-കേസരി മാധ്യമ പുരസ്‌കാരം 2014 -ൽ ലഭിച്ചു. 'ന്യൂസ് റൂം' എന്ന ആത്മകഥയ്ക്ക് 2023-ലെ മികച്ച ആത്മകഥയ്ക്കുളള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഭാര്യ രമ 2023 ഫെബ്രുവരിയിൽ മരിച്ചു. ഏകമകൾ ബിന്ദു ഭാസ്‌കർ കാൻസർ ബാധിച്ച് 2019ൽ മരിച്ചു.

Share this story