തിരുവനന്തപുരം സെന്‍ട്രലില്‍ വിജയം ഉറപ്പ്; ഇനി സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകും: സുധീര്‍ കരമന

Sudheer Karamana

തിരുവനന്തപുരം: ഇത്തവണ തിരുവനന്തപുരം സെന്‍ട്രലില്‍ വിജയം ഉറപ്പാണെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ കരമന. കണക്കുകളെല്ലാം അനുകൂലമാണെന്നും ഇടതുപക്ഷത്തോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സുധീര്‍ കരമന പറഞ്ഞു. ഫലം എന്തായാലും ഇനി സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന എന്ത് ചുമതലും നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്‌തെന്നും അപ്പോള്‍ ഒരു തുടര്‍ഭരണം ഉണ്ടാകേണ്ടതല്ലേ എന്നും സുധീര്‍ കരമന ചോദിച്ചു. ജനങ്ങള്‍ വിലയിരുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയിലെ മൂന്നു മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും പറഞ്ഞിരുന്നു. അവസാന റൗണ്ടില്‍ പീരുമേട് മണ്ഡലത്തിലും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവികുളത്ത് എസ് രാജേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായത് സിപിഐഎമ്മിന് ഭീഷണിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷം മൂന്നാം തവണയും ഭരണത്തില്‍ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഒരു ടെന്‍ഷനും ഇല്ലെന്നും ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ടേമിലേക്കുള്ള അധികാര പ്രവേശനത്തിന്റെ പ്രഖ്യാപനമാണ് നാളെ നടക്കുകയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.' കോണ്‍ഗ്രസില്‍ ഒരു കോടി തര്‍ക്കങ്ങള്‍ ഉണ്ട്. സാമ്പത്തിക ശേഷിയുള്ളവര്‍ക്കാണ് മടുക്കുക. കേരളത്തിലെ ജനങ്ങള്‍ അത്താണിയായി കാണുന്നത് ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെയാണ്. എല്‍ഡിഎഫ് മാറിയാല്‍ പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ എന്താകുമെന്ന ടെന്‍ഷനുണ്ട്. അവര്‍ക്ക് ലഭിച്ച താങ്ങും തണലും മറക്കില്ല. രാഷ്ട്രീയ ലക്ഷ്യം വച്ച് നടക്കുന്നവരാണ് സര്‍ക്കാര്‍ മാറണം എന്ന് ആഗ്രഹിക്കുന്നത്', എം വി ഗോവിന്ദന്‍ പറഞ്ഞു.

Tags

Share this story