സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ‌ പരിശോധന

വിജിലൻസ്

തിരുവനന്തപുരം: ഓപ്പറേഷൻ കളിക്കളത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്തെ സ്പോർട്സ് കൗൺസിൽ ആസ്ഥാനം ഉൾപ്പടെ 14 ജില്ലാ ഓഫിസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്.

സ്പോർട്സ് കൗൺസിലിന്‍റെ പ്രവർത്തനങ്ങൾ‌, ഫണ്ട് വിനിയോഗം, കായിക ഉപകരണങ്ങൾ വാങ്ങൽ  എന്നിവയിൽ വ‍്യാപക ക്രമക്കേടുകൾ‌ നടക്കുന്നതായി പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

കഴിഞ്ഞ 10 വർഷം സ്പോർട്സ് കൗൺസിലിൽ നടന്ന ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. വ‍്യാജ മത്സരഫലങ്ങൾ തയാറാക്കൽ, ഹോസ്റ്റൽ നടത്തിപ്പിലെ വീഴ്ച ഉൾപ്പടെ നിരവധി പരാതികൾ വിജിലൻസ് ഡയറക്റ്റർക്ക് ലഭിച്ചിരുന്നു.

യുവതാരങ്ങൾക്കു വേണ്ടി വാങ്ങിയ സ്പോർട്സ് കിറ്റുകൾ പൂഴ്ത്തിവച്ച സംഭവം അടക്കം കൗൺസിലിൽ നടന്ന അഴിമതികൾ മാധ‍്യമങ്ങളിലൂടെ അടുത്തിടെ പുറത്തുവന്നിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലൻസ് വ‍്യക്തമാക്കിയിട്ടുണ്ട്.

Tags

Share this story