ജിഎസ് ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് സംസ്ഥാന ജിഎസ് ടി (GST) ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ വീട്ടിലും ഓഫീസിലും വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ മിന്നൽ റെയ്ഡ്. റെയ്ഡിൽ കണക്കിൽപ്പെടാത്ത 14.10 ലക്ഷം രൂപയും 788 യു.എസ് ഡോളറും അന്വേഷണ സംഘം പിടിച്ചെടുത്തു.
എറണാകുളം വിജിലൻസ് സ്പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 7.45-ഓടെ ആരംഭിച്ച പരിശോധന രാത്രി 9.15 വരെ, ഏകദേശം 13 മണിക്കൂറോളമാണ് നീണ്ടുനിന്നത്. ജിഎസ് ടി ജോയിന്റ് കമ്മീഷണറുടെ തേവരയിലുള്ള ഓഫീസ്, പച്ചാളത്തുള്ള വസതി, ഇതേ പ്രദേശത്തുള്ള മറ്റൊരു വീട് എന്നിങ്ങനെ മൂന്നിടങ്ങളിലാണ് വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തിയത്.
2014 മുതൽ 2024 വരെയുള്ള കാലയളവിൽ ഉദ്യോഗസ്ഥ സ്വന്തം വരുമാന സ്രോതസ്സിനേക്കാൾ 2.89 കോടി രൂപയുടെ അധിക സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്താണ് പരിശോധന നടത്തിയത്.
റെയ്ഡിൽ കണ്ടെടുത്ത പണവും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച സുപ്രധാന രേഖകളും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അഴിമതിക്കെതിരായ 'പ്രൊജക്ട് സീറോ' (Project Zero) നടപടികളുടെ ഭാഗമായാണ് ഈ റെയ്ഡ് നടന്നത്.
