വിളപ്പിൽശാല ചികിത്സാപ്പിഴവ് ആരോപണം: ബിസ്മീറിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാനിഷേധത്തെ തുടർന്ന് മരിച്ച ബിസ്മീറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ടിൽ പറയുന്നു.ശരീരത്തിൽ ഓക്‌സിജൻ കുറഞ്ഞതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു ശരീര ഭാഗങ്ങൾ നീല നിറമായത് ഓക്‌സിജൻ കുറഞ്ഞതിന്റെ ലക്ഷണം ആണെന്നും ശ്വാസനാളത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നുമാണ് നിഗമനം.
ബിസ്മീറിന്റെ മരണം ചികിത്സാ പിഴവുകൊണ്ടല്ലെന്നാണ് അന്വേഷണ റിപ്പോട്ടിലുള്ളത്. ഓക്‌സിജൻ നൽകിയാണ് മെഡിക്കൽ കോളജിലേക്ക് രോഗിയെ അയച്ചതെന്നും ജില്ലാ തല മെഡിക്കൽ ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ചികിത്സാ പിഴവിൽ ഡിഎംഒക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്. ഗുരുതര ശ്വാസ തടസ്സത്തെ തുടർന്ന് ജനുവരി 19ന് പുലർച്ചെയാണ് ബിസ്മീറിനെ വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ജീവനക്കാർ ഗേറ്റ് തുറക്കാൻ വൈകിയെന്നും കൃത്യസമയത്ത് പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം
