ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമം: സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് കൈമാറി. വേണ്ടത്ര സമയമുണ്ടായിട്ടും പൊലീസ് ആവശ്യത്തിന് സുരക്ഷ ഒരുക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
റെയ്‌സ് വിവരം പൊലീസിനെ അറിയിച്ചില്ലെന്നത് മതിയായ കാരണമല്ല. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ഏകോപിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ചുമതല നല്‍കിയിരുന്നില്ലെന്നാണ് സംഭവത്തില്‍ ഡിഐജിയുടെ വിശദീകരണം. കമ്മീഷണറുടെ അഭാവത്തില്‍ പകരം ചുമതല നല്‍കിയില്ലെന്ന് അഭ്യന്തര വകുപ്പിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന നിലപാടിലാണ് ഇ ഡി. നേതാക്കളുടെ പങ്ക് അന്വേഷിക്കണം. പ്രതികളുടെ വീട് നേതാക്കള്‍ സന്ദര്‍ശിക്കുന്ന സാഹചര്യമുണ്ട്. ഇതെല്ലാം തെളിയിക്കുന്നത് നേതാക്കളുടെ പങ്കാണ്. കൊച്ചി സോണല്‍ ഓഫീസ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇ ഡി ഡയറക്ടറേറ്റിന് കൈമാറി. ഡയറക്ടറേറ്റില്‍ നിന്ന് അനുമതി ലഭിച്ചാല്‍ കേസില്‍ കക്ഷി ചേരാനാണ് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.
അതേസമയം കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങുകയാണ് പൊലീസ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാകാതെ വന്നതോടെയാണ് നീക്കം. തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രതികള്‍ക്കായി പൊലീസ് പരിശോധന തുടരുകയാണ്.
