ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായി വിഴിഞ്ഞം: ഇതിനായി അദാനി ഗ്രൂപ്പ് നിക്ഷേപിച്ചത് 10,000 കോടി രൂപ

Vizhinjam Port

തിരുവനന്തപുരം: ഇന്ത്യയെ ആഗോള സമുദ്ര ഭൂപടത്തില്‍ എത്തിക്കാനുള്ള പദ്ധതികളുമായി അദാനി ഗ്രൂപ്പ് . വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കുന്നതിന് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ട് . ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായിരിക്കും ഇത്.

വിഴിഞ്ഞത്തുനിന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ പ്രമുഖ രാജ്യാന്തര ഷിപ്പിംഗ് കമ്പനികളുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണ്. അടുത്ത മാസം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ നടക്കും. ബാര്‍ജില്‍ 30 കണ്ടെയ്‌നറുകള്‍ എത്തിച്ചാകും തുറമുഖത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം 2028 ല്‍ പൂര്‍ത്തിയാക്കും.

പതിനായിരം കോടിയാണ് അദാനി ഗ്രൂപ്പ് ഇതിനായി നിക്ഷേപിക്കുന്നത്. ഒരു കപ്പലില്‍ നിന്നുള്ള ചരക്ക് അതിന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള വഴിയില്‍ മറ്റൊരു കപ്പലിലേക്ക് മാറ്റുന്ന ട്രാന്‍സിറ്റ് ഹബ്ബാണ് ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ട്. കയറ്റുമതി ചെലവും സമയവും ലാഭിക്കുന്ന രീതിയില്‍ വലിയ മദര്‍ ഷിപ്പുകളിലേക്ക് ചെറിയ കാര്‍ഗോകള്‍ കൈമാറുന്നതിനാണ് ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ട് പ്രയോജനപ്പെടുന്നത് 

Share this story