വിഴിഞ്ഞം ഓഹരിവിൽപ്പന അത്യധികം അപകടകരം; കുത്തകവത്കരണത്തിന് കാരണമാകും, മത്സരക്ഷമത തകർക്കും: അഹമ്മദ് ദേവർകോവിൽ

Vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ അദാനി കമ്പനിക്കുള്ള ഓഹരികൾ ബഹുരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിക്ക് (MSC) വിൽക്കാനുള്ള നീക്കം അത്യധികം അപകടകരമായ കുത്തകവത്കരണത്തിന് കാരണമാകുമെന്ന് മുൻ തുറമുഖമന്ത്രിയും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റുമായ അഹമ്മദ് ദേവർകോവിൽ. എം.എസ്.സിയുടെ ടെർമിനൽ ഓപ്പറേറ്റിംഗ് വിഭാഗമായ ടി.ഐ.എല്ലിന് (TiL) വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ കൈമാറുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ഞെട്ടലുളവാക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

​വിഴിഞ്ഞത്തെ ഒരു പ്രത്യേക ഷിപ്പിംഗ് കമ്പനിക്കുവേണ്ടി കുത്തകവൽക്കരിക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോൾ നടക്കുന്നത്. വിഴിഞ്ഞത്ത് 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അംഗീകാരം ആവശ്യമാണ് എന്നാണ് നിർമ്മാണ കരാർ വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായി 13,000 കോടി രൂപയുടെ ഓഹരികൾ അന്താരാഷ്ട്ര ഷിപ്പിംഗ് ഭീമന് കൈമാറാനുള്ള നിർമ്മാണ കമ്പനിയുടെ ഏകപക്ഷീയമായ ശ്രമങ്ങൾ പ്രഥമദൃഷ്ടിയിൽ തന്നെ നിയമവിരുദ്ധമാണെന്ന് അഹമ്മദ് ദേവർകോവിൽ ചൂണ്ടിക്കാട്ടി.

​വിഴിഞ്ഞത്തെ ലോകോത്തര നിലവാരത്തിലുള്ള ഒരു 'മൾട്ടി-ഓപ്പറേറ്റർ' തുറമുഖമാക്കി മാറ്റാനാണ് കേരളം ലക്ഷ്യമിട്ടത്. എന്നാൽ ഈ പുതിയ നീക്കം അനുവദിച്ചാൽ വിഴിഞ്ഞത്ത് മൾട്ടി-ഓപ്പറേറ്റർ സംവിധാനം മാത്രമല്ല, മൾട്ടി-ക്ലയന്റ് സംവിധാനം പോലും ഇല്ലാതാകും. തുറമുഖം ഒരു കമ്പനിയുടെ മാത്രം കുത്തകയായാൽ, നമ്മുടെ നാട്ടിലെ കയറ്റുമതിക്കാർക്ക് ആ കമ്പനിയുടെ കപ്പലുകളെയും അവർ നിശ്ചയിക്കുന്ന ഉയർന്ന നിരക്കുകളെയും മാത്രം ആശ്രയിക്കേണ്ട ഗതികേടുണ്ടാകും. ഏതൊരു വിപണിയുടെയും ആണിക്കല്ലായ മത്സരക്ഷമതയുടെ സർവ്വസാധ്യതയും ഇതോടെ തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

​രാജ്യത്തെ വളരെ സുപ്രധാനമായ ഒരു അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം ഒരു ബഹുരാഷ്ട്ര കമ്പനിയുടെ കൈകളിൽ എത്തുമ്പോൾ ദേശീയ സുരക്ഷാ താല്പര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കൂടാതെ, 2035 മുതൽ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട വരുമാന വിഹിതത്തിൽ കൃത്രിമമായി കുറവ് വരുത്താൻ ഇത്തരം സാമ്പത്തിക ക്രമീകരണങ്ങൾ ഇടയാക്കുമോ എന്ന ഗൗരവമായ പരിശോധനയും ആവശ്യമാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this story