നബിദിന റാലിക്കിടെ ക്ഷേത്രത്തിന് നേരെ സല്യൂട്ട് നൽകി വളൻഡിയർമാർ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

കാസർകോട് പാലക്കുന്നിൽ നടന്ന നബിദിന റാലിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. നബിദിന റാലിയുടെ മുൻനിരക്കാരായ യൂണിഫോം ധരിച്ച വളൻഡിയർമാർ പാലക്കുന്നിലെ ഭഗവതി ക്ഷേത്ര ഗോപുരത്തിന് മുന്നിലെത്തിയപ്പോൾ ക്ഷേത്രത്തിലേക്ക് തിരിഞ്ഞു നിന്ന് സല്യൂട്ട് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി അൻഷിത്ത് അശോകാണ് ഈ വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്
മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. പലരുടെയും വാട്‌സാപ്പ് സ്റ്റാറ്റസുകളായും വീഡിയോ മാറി. ഫേസ്ബുക്കിലും വീഡിയോ വൈറലാണ്. കേരളത്തിൽ മാത്രമേ ഇത്തരമൊരു ഹൃദമായ കാഴ്ച കാണാനാകുവെന്നാണ് പലരും കമന്റ് സെക്ഷനുകളിൽ പറയുന്നത്. ഇതാണ് യഥാർഥ കേരളാ സ്റ്റോറിയെന്ന കമന്റുകളും ധാരാളമായി വരുന്നുണ്ട്
ശനിയാഴ്ച രാവിലെയാണ് നബിദിന റാലി വന്നത്. വളൻഡിയർമാർ ക്ഷേത്രത്തിന് മുന്നിൽ നിൽക്കുകയും ക്ഷേത്രത്തിലേക്ക് തിരിഞ്ഞ് നിന്ന് സല്യൂട്ട് ചെയ്യുന്നതുമായ രംഗങ്ങൾ ക്ഷേത്രത്തിന് മുന്നിലുള്ള അച്ഛൻ അശോകന്റെ ഫാൻസി കടയിൽ നിന്നാണ് അൻഷിത്ത് പകർത്തിയത്.