ഏഴ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളിൽ നീണ്ട നിര

booth

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മോക് പോളിംഗിന് ശേഷം രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. പോളിംഗ് ബൂത്തുകളിൽ രാവിലെ തന്നെ നീണ്ട നിരയാണ് കാണുന്നത്

കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. വൈകിട്ട് ആറ് മണി വരെയാണ് പോളിംഗ്. ഏഴ് ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്

മൂന്ന് കോർപറേഷനുകൾ, 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 447 ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 11,168 വാർഡുകളിലാണ് ജനം വിധിയെഴുതുന്നത്. 

അതേസമയം കൊല്ലം കോർപറേഷൻ ഭരണിക്കാവ് ഡിവിഷൻ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് വൈകിയാണ് ആരംഭിച്ചത്. പത്തനംതിട്ട തിരുവല്ല നിരണം എരതോട് ബൂത്തിൽ വോട്ടിംഗ് തുടങ്ങാനയില്ല. മെഷീൻ തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണ്. വണ്ടിപ്പെരിയാർ തങ്കമലയിൽ യന്ത്രതകരാറിനെ തുടർന്ന് പകരം മെഷീൻ എത്തിച്ചു. പത്തനംതിട്ട നഗരസഭ ടൗൺ സ്‌ക്വയർ വാർഡിലും മെഷീൻ തകരാറുണ്ടായി
 

Tags

Share this story