കെഎസ്ആർടിസിയിൽ വിആർഎസിന് നീക്കം; 7200 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി

ksrtc

കെഎസ്ആർടിസിയിൽ വോളന്ററി റിട്ടയർമെന്റ് സ്‌കീമിന്(വിആർഎസ്) നീക്കം. ഇതിനായി 50 വയസ്സ് പിന്നിട്ട 7200 ജീവനക്കാരുടെ പട്ടിക മാനേജ്‌മെന്റ് തയ്യാറാക്കി. ഒരാൾക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നൽകാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങൾ വിരമിക്കൽ പ്രായത്തിന് ശേഷം നൽകും. 

വിആർഎസ് നടപ്പാക്കിയാൽ ശമ്പള ചെലവിൽ 50 ശതമാനം കുറയുമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടൽ. വിആർഎസ് നടപ്പാക്കാൻ 1080 കോടി രൂപയാണ് വേണ്ടി വരിക. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. ആകെ 24,000ത്തോളം ജീവനക്കാരാണ് കെഎസ്ആർടിസിയിൽ ഉള്ളത്. കുറേ ജീവനക്കാരെ വിആർഎസ് നൽകി മാറ്റിനിർത്തിയാൽ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.
 

Share this story