മുന്നറിയിപ്പുകൾ അവഗണിച്ചു: വയനാട് ദുരന്തത്തിൽ അമികസ് ക്യൂറി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി
Sep 6, 2024, 12:14 IST

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്ന് അമികസ് ക്യൂറി റിപ്പോർട്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നിർണായക റിപ്പോർട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ചു. വയനാട്ടിൽ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാനിൽ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകൾ പ്രശ്ന ബാധിത പ്രദേശമാണെന്നും റിപ്പോർട്ടിലുണ്ടെന്നും അമികസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. വയനാട്ടിൽ ആവശ്യമായ മുൻകരുതൽ എടുക്കാത്തതിനാലാണ് വലിയ ദുരന്തമുണ്ടായത്. ഓറഞ്ച് ബുക്കിൽ ഉൾപ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ല. ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സംവിധാനം ഇല്ലാത്തതാണ് ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തു മഴ കനത്താൽ വീണ്ടും ഉരുൾപൊട്ടലുണ്ടാകാമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (ഐസർ-മൊഹാലി) ഗവേഷകരുടെ പഠന റിപ്പോർട്ട് ഉണ്ടായിരുന്നു. തുലാമഴ അതിശക്തമായി പെയ്താൽ പുഞ്ചിരിമട്ടത്തു ഇളകി നിൽക്കുന്ന പാറകളും മണ്ണും വീണ്ടും താഴേക്കു കുത്തിയൊലിച്ചേക്കാമെന്നു റിപ്പോർട്ടിൽ പറയുന്നു. അതിനാൽ മതിയായ മുൻകരുതൽ വേണമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.