വയനാട് ഫണ്ട്: കണക്ക് പുറത്തുവിട്ട് സിപിഎം; വെട്ടിലായി കോൺഗ്രസ്!
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പിരിച്ചെടുത്ത തുകയുടെ കൃത്യമായ കണക്കുകൾ പുറത്തുവിട്ട് സിപിഎം. പാർട്ടി സമാഹരിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബി അറിയിച്ചു. ഇതോടെ, വയനാടിന്റെ പേരിൽ പിരിവ് നടത്തിയ കോൺഗ്രസ് എന്തുകൊണ്ട് കണക്കുകൾ വെളിപ്പെടുത്തുന്നില്ലെന്ന ചോദ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.
രണ്ട് ഘട്ടങ്ങളിലായാണ് സിപിഎം തുക കൈമാറിയത്. 2025 മാർച്ച് 21-ന് 92 ലക്ഷം രൂപയും, മെയ് 26-ന് 99,000 രൂപയും മുഖ്യമന്ത്രിയുടെ നിധിയിലേക്ക് നൽകി. ഇതിന്റെ രസീതുകളും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിലെ പ്രത്യേക അക്കൗണ്ട് വഴിയുള്ള ഇടപാടുകളുടെ തെളിവുകളും പാർട്ടി പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, അഖിലേന്ത്യാ കിസാൻ സഭയും കേരള കർഷക സംഘവും ചേർന്ന് സമാഹരിച്ച ഒരു കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറുകയും ചെയ്തു. ഫണ്ട് വിനിയോഗത്തിൽ പാർട്ടി പുലർത്തുന്ന സുതാര്യത പരസ്യമാണെന്നും ദുരാരോപണങ്ങൾ ഉന്നയിക്കുന്നവർ വസ്തുതകൾ പരിശോധിക്കണമെന്നും എം.എ. ബേബി വ്യക്തമാക്കി.
അതേസമയം, സിപിഎം കണക്കുകൾ പുറത്തുവിട്ടതോടെ പ്രതിരോധത്തിലായിരിക്കുന്നത് കോൺഗ്രസാണ്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ജോയിന്റ് അക്കൗണ്ടിലാണ് വയനാട് ഫണ്ട് ഉള്ളതെന്നായിരുന്നു വി.ഡി. സതീശൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇരുവരും തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സ്വത്ത് വിവരങ്ങളിൽ ഈ അക്കൗണ്ടിനെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ലെന്ന ആരോപണം സോഷ്യൽ മീഡിയയിൽ സജീവമാണ്. എഐസിസിയുടെ ബാലൻസ് ഷീറ്റിലും ഈ തുകയുടെ വിവരങ്ങളില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് സിപിഎം അനുകൂലികൾ വിമർശനം ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയടക്കം പരസ്യമായി ചോദ്യങ്ങൾ ചോദിച്ചിട്ടും ഫണ്ട് സംബന്ധിച്ച വ്യക്തമായ കണക്കുകൾ പുറത്തുവിടാൻ കോൺഗ്രസ് തയ്യാറാകാത്തത് രാഷ്ട്രീയ വിവാദങ്ങൾക്ക് പുതിയ തിരി കൊളുത്തിയിരിക്കുകയാണ്.
