വയനാട് സീറ്റ് ലീഗിനല്ല, രാഹുൽ ഗാന്ധിക്ക്; താനും തരൂരും ശ്രീരാമ ഭക്തരെന്ന് കെ മുരളീധരൻ

വയനാട് ലോക്‌സഭാ സീറ്റ് മുസ്ലിം ലീഗിന് അല്ലെന്നും രാഹുൽ ഗാന്ധിയാണ് വയനാട്ടിൽ മത്സരിക്കുന്നതെന്നും കെ മുരളീധരൻ എംപി. ചുവരെഴുത്ത് പ്രവർത്തകരുടെ ആവേശമാണ്. അവരെ തളർത്തേണ്ടതില്ല. വടകരയിൽ യുഡിഎഫ് ബുക്ക്ഡ് എന്നെഴുതിക്കോട്ടെയെന്നും മുരളീധരൻ പറഞ്ഞു. സുധാകരൻ ഒഴികെയുള്ള എല്ലാ കോൺഗ്രസ് എംപിമാരും മത്സരിക്കുമെന്നും മുരളീധരൻ അറിയിച്ചു

നിയമസഭയിൽ കെഎം മാണിയെ അപമാനിച്ചവരാണ് അദ്ദേഹത്തിന്റെ ആത്മകഥ പ്രകാശനം ചെയ്തത്. അത് അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കില്ല. രാമക്ഷേത്ര ഉദ്ഘാടനം കോൺഗ്രസ് ബഹിഷ്‌കരിച്ചത് ചടങ്ങഅ രാഷ്ട്രീയവത്കരിച്ചതിനാലാണ്. വിശ്വാസികൾക്ക് പോകാം, പോകാതിരിക്കാം. ശശി തരൂർ ശ്രീരാമ ഭക്തനാണ്, താനും ശ്രീരാമ ഭക്തനാണെന്നും മുരളീധരൻ പറഞ്ഞു

നിയമസഭയെ ഗവർണർ അപമാനിച്ചു. ഗവർണർക്ക് സർക്കാരിനോട് അഭിപ്രായവ്യത്യാസമുണ്ടാകാം. മുഖം വീർപ്പിച്ച് ഇരുന്നിട്ട് കാര്യമില്ല. 78 സെക്കന്റ് മാത്രം നയപ്രഖ്യാപനം നടത്തി ഗവർണർ ചരിത്രത്തിൽ ഇടം നേടി. അത് കേട്ടിരുന്ന മുഖ്യമന്ത്രിയും ചരിത്രത്തിന്റെ ഭാഗമായെന്നും മുരളീധരൻ പരിഹസിച്ചു.
 

Share this story