താന്‍ നടത്തിയത് സ്വയം വിമര്‍ശനം; അധിക്ഷേപ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി സി പി ജോണ്‍

സിപി ജോൺ

തിരുവനന്തപുരം: പ്രിയദര്‍ശിനി ബസില്‍ കയറുന്ന സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ പ്രശ്‌നം മനസിലാക്കാന്‍ താന്‍ അടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ പരാജയപ്പെട്ടു എന്ന സ്വയം വിമര്‍ശനമാണ് നടത്തിയതെന്നാണ് വിശദീകരണം. പ്രസ്താവന എണ്ണമിട്ട് പറഞ്ഞപ്പോള്‍ അത് താങ്കള്‍ നടത്തിയ പ്രസംഗമാകുമെന്നായിരുന്നു മാധ്യമങ്ങളോടുള്ള മറുപടി.

കേരളത്തിലെ കുടുംബിനികളുടെ പ്രശ്‌നം മനസിലാക്കിയാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു പദ്ധതി കൊണ്ടുവന്നത്. കേരളത്തിലെ സ്ത്രീകള്‍ പൊതുഗതാഗത രംഗത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ട് ആര്‍ക്കും മനസിലാക്കാന്‍ ആയില്ല. അത് മനസിലാക്കിയത് രാഹുല്‍ ഗാന്ധി മാത്രമാണ്. അതു കൊണ്ടാണ് ഇങ്ങനെ ഒരു പദ്ധതി ഉണ്ടായത്. അതിനെ അഭിനന്ദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സി പി ജോണ്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസം ഇനിയും മെച്ചപ്പെടാനുണ്ട്. കേരളത്തിലെ ജനതയ്ക്കുണ്ടായ ദാരിദ്ര്യത്തെ മറികടക്കാന്‍ നല്ല വിദ്യാഭ്യാസം വേണം എന്നത് കൊണ്ടാണ് സ്വകാര്യ സ്‌കൂളുകളില്‍ തള്ളിക്കേറുന്നതെന്നും വിവാദ പരാമർശത്തെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഈ കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് മന്ത്രി പറഞ്ഞത്. താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എന്നും വിവാദങ്ങള്‍ ആകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഇനിയും മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങളുടെ അവകാശമാണ്. അത് തങ്ങള്‍ കൊടുത്തു. തങ്ങളെ പോലെ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് വരരുതെന്ന് രക്ഷകര്‍ത്താകക്കള്‍ ആഗ്രഹിക്കുന്നു. ഒന്നും ഔദാര്യമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സി പി ജോണ്‍ വിശദീകരിച്ചു.

Tags

Share this story