പശുവിനെ കെട്ടാൻ പോയപ്പോൾ കടന്നൽ കുത്തേറ്റു; ആലുവയിൽ 70കാരൻ മരിച്ചു
Updated: Oct 8, 2025, 16:50 IST

ആലുവയിൽ കടന്നൽ കുത്തേറ്റ് 70 വയസുകാരൻ മരിച്ചു. കീഴ്മാട് നാലാം വാർഡിൽ കുറുന്തല കിഴക്കതിൽ വീട്ടിൽ ശിവദാസൻ എന്നയാളാണ് മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച മകൻ പ്രഭാതിനും സുഹൃത്ത് അജിത്തിനും കടന്നൽ കുത്തേറ്റു.
ഇന്ന് രാവിലെ പത്തരയോടെ സമീപത്തുള്ള വയലിൽ പശുവിനെ കെട്ടാൻ പോയപ്പോഴായിരുന്നു സംഭവം. കടന്നലിന്റെ കുത്തേറ്റ് അവശനായി വയലിൽ കിടന്ന ശിവദാസനെ ഏറെ പണിപ്പെട്ടാണ് മകനും മറ്റുള്ളവരും ചേർന്ന് സ്ഥലത്ത് നിന്ന് മാറ്റിയത്.
ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റെയിൻ കോട്ടും ഹെൽമറ്റും ധരിച്ച് തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് കടന്നൽക്കൂട്ടത്തെ ശിവദാസിന്റെ സമീപത്ത് നിന്ന് അകറ്റിയത്. കൃഷിപ്പണി ചെയ്യുന്നയാളാണ് ശിവദാസൻ