പച്ചക്കറി കിട്ടാതായതോടെ കലിപ്പില്‍; കണ്ണന്‍ദേവന്റെ തേയിലപ്പൊടി ചാക്ക് വലിച്ചെറിഞ്ഞ് പടയപ്പ: ലക്ഷങ്ങളുടെ നഷ്ടം

Padayappa

കണ്ണന്‍ദേവന്‍ കമ്പനിയുടെ തേയിലപ്പൊടി ചാക്കുകള്‍ നശിപ്പിച്ച് കാട്ടുകൊമ്പന്‍ പടയപ്പ. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലെ ചാക്കുകളാണ് പടയപ്പ നശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നിന് മാട്ടുപ്പെട്ടി റോഡില്‍ ഗ്രഹാംസ് ലാന്‍ഡിലാണ് സംഭവം.

കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവര ഫാക്ടറിയില്‍ നിന്നു കൊച്ചിയിലേക്ക് തേയില കൊണ്ടുപോയ ലോറിയിലെ 15 ചാക്ക് തേയിലയാണ് ആന നശിപ്പിച്ചത്. ഡ്രൈവര്‍ ലോറി നിര്‍ത്തിയിട്ട ശേഷം ഉറങ്ങാന്‍ പോയ സമയത്താണ് കാട്ടാനയുടെ ശല്യമുണ്ടായത്.

ലോറിയുടെ പടുത വലിച്ചുകീറി തേയിലച്ചാക്കുകള്‍ വലിച്ചെറിയുകയായിരുന്നു. ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഭക്ഷണം തേടിയാണ് പടയപ്പ ലോറിയില്‍ പരിശോധന നടത്തിയത് എന്നാണ് കരുതുന്നത്.
കഴിഞ്ഞ ഒന്നര മാസമായി നല്ലതണ്ണി കല്ലാറിലെ പഞ്ചായത്ത് മാലിന്യസംസ്‌കരണ പ്ലാന്റിലായിരുന്നു പടയപ്പ ഭക്ഷണം കഴിക്കാനെത്തിയിരുന്നത്. പ്ലാന്റിന് പുറത്ത് പടയപ്പയ്ക്കു തിന്നാനായി പഞ്ചായത്തധികൃതര്‍ പച്ചക്കറി അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്നു.

എന്നാല്‍, ഒന്നര മാസത്തിനിടെ പ്ലാന്റില്‍ ആന അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് ആനയെ തുരത്താന്‍ വഴിതേടി വനംവകുപ്പിനെ സമീപിച്ചു. പച്ചക്കറി അവശിഷ്ടം കൊടുക്കരുതെന്ന അവരുടെ നിര്‍ദേശം അധികൃതര്‍ നടപ്പാക്കി. അതോടെ പടയപ്പ മാട്ടുപ്പെട്ടി മേഖലയിലേക്ക് പോവുകയായിരുന്നു.

Share this story