അരിക്കൊമ്പൻ ഫാൻസും ഹൈക്കോടതിയും ഇപ്പോൾ എവിടെപ്പോയി; രൂക്ഷ പ്രതികരണവുമായി ഡീൻ

deen

പെരിയാർ ടൈഗർ റിസർവിൽ വിട്ട അരിക്കൊമ്പൻ കാട്ടാന കമ്പം ടൗണിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ കടുത്ത പ്രതികരണവുമായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. ഇത്രയും അപകടകാരിയായ, ഇത്രയും ആളുകളെ കൊന്നൊടുക്കിയ നാടിന് മുഴുവൻ അസ്വസ്ഥത സൃഷ്ടിക്കുന്ന കാട്ടാനയെ മെരുക്കാൻ കഴിവില്ലാത്ത ഒരു സമൂഹം കേരളത്തിൽ ഉണ്ടായിപ്പോയല്ലോ എന്നതിൽ ലജ്ജിക്കുന്നുവെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു

അരിക്കൊമ്പനെ പൊക്കിക്കൊണ്ട് നടന്ന ഫാൻസും ഹൈക്കോടതിയും ഇപ്പോൾ എവിടെയാണെന്നും ഡീൻ കുര്യാക്കോസ് ചോദിച്ചു. അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് മടങ്ങി വരുന്നു എന്നതിനപ്പുറം കമ്പം ടൗണിൽ ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർഥിക്കുകയാണ്. ആനപ്രേമികളെല്ലാം അരിക്കൊമ്പന്റെ ഈ പരാക്രമം കണ്ട് ആസ്വദിക്കുകയായിരിക്കും. അരിക്കൊമ്പൻ ഫാൻസ് അസോസിയേഷന്റെ ആളുകളൊക്കെ ഇപ്പോൾ എവിടെ പോയെന്നും എംപി ചോദിച്ചു.

കോടതി സംവിധാനങ്ങൾ അടക്കം ഇത്തരമൊരു പ്രതിസന്ധിയെ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തതു കൊണ്ടുള്ള ബുദ്ധിമുട്ടല്ലേ നാം ഇപ്പോൾ അനുഭവിക്കുന്നത്. ഇനിയും ഒരു മനുഷ്യന്റെ ജീവൻ വിട്ടുകൊടുക്കാൻ കഴിയില്ല. കമ്പം ടൗണിൽ നടന്ന സംഭവങ്ങളെല്ലാം പട്ടാപ്പകലാണ് ഉണ്ടായത്. അത് തമിഴ്‌നാട്ടിലായി പോയി എന്നല്ലേയുള്ളുവെന്നും ഡീൻ കുര്യാക്കോസ് ചോദിച്ചു.
 

Share this story