'യലഹങ്കയിലെ പാവങ്ങൾക്ക് എവിടെ വീട്? വയനാട്ടിലെ പണം എവിടെ?': പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുചോദ്യം
തിരുവനന്തപുരം: കോണ്‍ഗ്രസിനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യെലഹങ്കയില്‍ ബുള്‍ഡോസര്‍ വെച്ച് വീടുകള്‍ തകര്‍ത്ത് തെരുവാധാരമാക്കിയ പാവങ്ങള്‍ക്ക് എന്തുകൊണ്ട് കിടക്കാന്‍ ഇടം നല്‍കിയില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച പണം എവിടെയാണെന്നും അതിന്റെ കണക്ക് എന്തിനാണ് മറച്ചുവെക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
യെലങ്കഹയിലെ ഇരകള്‍ക്ക് ജനുവരി ഒന്നിന് കര്‍ണാടക സര്‍ക്കാര്‍ വീടുനല്‍കുമെന്ന് പറഞ്ഞു പറ്റിച്ചിട്ട് നാളേക്ക് മൂന്ന് മാസമാകുന്നുവെന്നും വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് പണപ്പിരിവ് തുടങ്ങിയിട്ട് നാളേക്ക് 590ദിവസവുമായി എന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമസഭാ സമ്മേളനങ്ങളിലോ ഈ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തോ കേരളത്തില്‍ സംവാദത്തിന്റെ അന്തരീക്ഷം ലവലേശം ആഗ്രഹിക്കാത്തകൂട്ടരാണ് ഇവിടത്തെ പ്രതിപക്ഷമെന്നും മുഖ്യമന്ത്രി വിമര്‍ശിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
യെലഹങ്കയിലെ പാവങ്ങളുടെ വീടുകള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടിച്ചു നിരത്തിയിട്ട് ഇന്നേക്ക് 101 ദിവസം കഴിഞ്ഞു. ബുള്‍ഡോസര്‍ രാജിനിരയായവര്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ക്കു കീഴെ അന്തിയുറങ്ങാന്‍ തുടങ്ങിയിട്ടും 101 ദിവസം. യലഹങ്കയിലെ ഇരകള്‍ക്ക് ജനുവരി ഒന്നിന് കര്‍ണാടക സര്‍ക്കാര്‍ വീടു നല്‍കുമെന്നു പറഞ്ഞു പറ്റിച്ചിട്ട് നാളേക്ക് മൂന്നു മാസം.
വയനാട് ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തിനായി കോണ്‍ഗ്രസ് പിരിച്ച പണം എവിടെയെന്നോ എത്രയെന്നോ ഒരു വിവരവുമില്ല. ആപ്പ് പുറത്തിറക്കി കോണ്‍ഗ്രസ്സ് പണപ്പിരിവു തുടങ്ങിയിട്ട് നാളേക്ക് 590 ദിവസം. നിയമസഭാ സമ്മേളനങ്ങളിലോ ഈ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തോ കേരളത്തില്‍ സംവാദത്തിന്റെ അന്തരീക്ഷം ലവലേശം ആഗ്രഹിക്കാത്തകൂട്ടരാണ് ഇവിടത്തെ പ്രതിപക്ഷം. അവരോട് ആവര്‍ത്തിച്ചു ചോദിക്കുകയാണ് : യെലഹങ്കയില്‍ ബുള്‍ഡോസര്‍ വെച്ച് വീടുകള്‍ തകര്‍ത്തു തെരുവാധാരമാക്കിയ പാവങ്ങള്‍ക്ക് എന്തുകൊണ്ടാണ് നിങ്ങള്‍ കിടക്കാനുള്ള ഇടം കൊടുക്കാത്തത്? വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച പണം എവിടെയാണ്? അതിന്റെ കണക്ക് എന്തിനാണ് നിങ്ങള്‍ മറച്ചുവെക്കുന്നത്?
