സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന 'ധവളപത്രം' നാളെ നിയമസഭയിൽ; കിഫ്ബിയിൽ അഴിച്ചുപണിക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയും നിജസ്ഥിതിയും പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുന്ന ധവളപത്രം നാളെ (വ്യാഴാഴ്ച) നിയമസഭയിൽ സമർപ്പിക്കും. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ വി. ഡി. സതീശനാണ് ധവളപത്രം സഭയിൽ അവതരിപ്പിക്കുന്നത്.
നാളെ രാവിലെ 8:00 മണിക്ക് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന്മേൽ വിശദമായ ചർച്ച നടത്തുകയും അംഗീകാരം നൽകുകയും ചെയ്യും. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് യു.ഡി.എഫ് സർക്കാർ ഈ ധവളപത്രത്തിലൂടെ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി തങ്ങളുടെ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ധവളപത്രം പുറത്തിറക്കിയ ശേഷമായിരിക്കും യു.ഡി.എഫ് സർക്കാരിന്റെ ബജറ്റ് അവതരണം.
സംസ്ഥാനം കടക്കെണിയിലാണോ അതോ താൽക്കാലിക പ്രതിസന്ധി മാത്രമാണോ നേരിടുന്നത് എന്ന കാര്യത്തിൽ നാളത്തെ ധവളപത്രത്തോടെ വ്യക്തത വരും. എന്നാൽ, ധവളപത്രം കാണിച്ച് തങ്ങളെ ഭയപ്പെടുത്തേണ്ടതില്ലെന്നാണ് എൽ.ഡി.എഫ് നിലപാട്.
അതേസമയം, വിവിധ സർക്കാർ വകുപ്പുകളിൽ നടക്കുന്ന വ്യാപകമായ ഉദ്യോഗസ്ഥ സ്ഥലംമാറ്റങ്ങൾക്കെതിരെ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. പോലീസ്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ സ്ഥലംമാറ്റം ചട്ടലംഘനവും രാഷ്ട്രീയ വിരോധം തീർക്കലുമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തിന് വേണ്ടി വി. ജോയ് എം.എൽ.എ അടിയന്തര പ്രമേയ നോട്ടീസ് നൽകുന്നത്
പ്രധാന ഉള്ളടക്കങ്ങളും നിർദ്ദേശങ്ങളും:
- കിഫ്ബിയിൽ അഴിച്ചുപണി: കിഫ്ബിയുടെ പ്രവർത്തന രീതിയും മാർഗ്ഗനിർദ്ദേശങ്ങളും അടിമുടി പൊളിച്ചെഴുതാനുള്ള നിർദ്ദേശങ്ങൾ ധവളപത്രത്തിൽ ഉണ്ടായേക്കും.
- നികുതി പരിഷ്കരണം: മുൻപ് പ്രതിപക്ഷം ഉന്നയിച്ചിരുന്ന നികുതിപ്പിരിവിലെ വീഴ്ചകളും ചോർച്ചകളും ധവളപത്രത്തിൽ ചൂണ്ടിക്കാണിക്കും. നികുതിപ്പിരിവ് കൂടുതൽ ശക്തമാക്കാനുള്ള സമഗ്രമായ പരിഷ്കരണ നിർദ്ദേശങ്ങളും ഇതിലുണ്ടാകും
