കേരളം ആര് നയിക്കും; കോൺഗ്രസ് ചർച്ചകൾ പൂർത്തിയായി: പ്രഖ്യാപനം ഉടൻ ഖാർഗെ നടത്തും
ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ കേരള മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള കോൺഗ്രസിന്റെ ചർച്ചകൾ പൂർത്തിയായി. ആരാകും മുഖ്യമന്ത്രി എന്നതിൽ സോണിയ ഗാന്ധി അന്തിമ തീരുമാനമെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രഖ്യാപനം നടത്തും.
ഇന്നലെ നടന്ന യോഗത്തിൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്ന് പേരും - കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ - തങ്ങളുടെ സ്ഥാനാർത്ഥിത്വത്തെ അനുകൂലിച്ച് വാദിച്ചു. പക്ഷേ ഒടുവിൽ ഹൈക്കമാൻഡിന്റെ തീരുമാനത്തിന് ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.
മിക്ക എംഎൽഎമാരും കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ മറ്റ് രണ്ട് മുതിർന്ന നേതാക്കളുടെയും സമ്മതം നേടിയതിനുശേഷം മാത്രമേ തീരുമാനമെടുക്കൂ. വേണുഗോപാലിനെ മുഖ്യമന്ത്രിയായി നിയമിക്കണോ അതോ ജനറൽ സെക്രട്ടറിയായി നിലനിർത്തണോ എന്ന് രാഹുൽ ഗാന്ധിയും തീരുമാനിക്കണം. അദ്ദേഹത്തിന് അനുകൂലമായ പോസ്റ്ററുകളും പ്രകടനങ്ങളും നിയന്ത്രിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് എല്ലാ നേതാക്കളെയും പരോക്ഷമായി ഉപദേശിച്ചു.
അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത്രയധികം സീറ്റുകൾ നേടിയിട്ടും മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുന്നതിൽ ഉണ്ടായ അനിശ്ചിതത്വം പാർട്ടിയുടെ പ്രതിച്ഛായയെ തകർക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചു.
അതേസമയം കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ തീരുമാനം മല്ലികാർജ്ജുൻ ഖാർഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്നായിരിക്കും എടുക്കുകയെന്ന് എഐസിസി കേരള ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ്‌മുൻഷി അറിയിച്ചു. മുഖ്യമന്ത്രിയുടെ പേര് വളരെ വേഗം പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കി.
കേരളത്തിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ മൂന്ന് മണിക്കൂറിലേറെ നീണ്ട യോഗത്തിന് ശേഷമാണ് ദീപ ദാസ്മുൻഷി മാധ്യമങ്ങളോട് പ്രതികരിച്ചത്. കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി സംഘടന ചുമതലയുള്ള കെ.സി വേണുഗോപാൽ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരും നിരീക്ഷകരായഅജയ് മാകെൻ, മുകുൾ വാഴ്സനിക് എന്നിവരും പങ്കെടുത്തു.
