എന്തിന് വിജിലന്‍സ് പോസ്റ്റ്‌; വരുന്നത് വെറും പെറ്റിക്കേസുകള്‍, അത് നോക്കാന്‍ വിജിലന്‍സ് ഓഫീസറുമുണ്ട് തലപ്പത്ത്: കെഎസ്ആര്‍ടിസി മുടിയുന്നത് ഇങ്ങനെ

KSRTC

കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടിക്കോളാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത് കഴിഞ്ഞ ദിവസമാണ്. ബുധനാഴ്ചയ്ക്ക് ഉള്ളില്‍ ശമ്പളം നല്‍കാനാണ് കെഎസ്ആര്‍ടിസി നിര്‍ദ്ദേശിച്ചത്. അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നു  മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നല്‍കിയിട്ടും പത്താം തീയതിയായിട്ടും ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇടപെട്ടത്. 

229 കോടിയാണ് കഴിഞ്ഞ മാസം കെഎസ്ആര്‍ടിസിയ്ക്ക് വരുമാനം വന്നത്. എന്നിട്ടും കെഎസ്ആര്‍ടിസി പറയുകയാണ്‌ ശമ്പളം നല്‍കാന്‍ പണമില്ലെന്ന്. 229 കോടി വന്നിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത  കെഎസ്ആര്‍ടിസിയാണ് എക്സിക്യുട്ടീവ്‌ ഡയരക്ടര്‍ (വിജിലന്‍സ്) ആയി മുന്‍ എസ്പി സുകേശനെ നിയമിക്കാന്‍  തീരുമാനമെടുത്തത്. അതും ഒന്നര  ലക്ഷത്തോളം രൂപ ശമ്പളവും  നല്‍കിയിട്ട്.   എന്തുകൊണ്ട് കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ ആകുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ നിയമനം. 

നിയമനത്തിന് എന്തിനു ധൃതി കൂട്ടി 

ഒന്നര വര്‍ഷമായി എക്സിക്യുട്ടീവ്‌ ഡയരക്ടര്‍ വിജിലന്‍സ് ഒഴിഞ്ഞു കിടക്കുകയാണ്. പ്രതിസന്ധിയുടെ കയത്തില്‍ നില്‍ക്കുമ്പോഴാണോ ഒരു ലക്ഷത്തിലേറെ നല്‍കി എക്സിക്യുട്ടീവ്‌ ഡയരക്ടര്‍(വിജിലന്‍സ്) പോസ്റ്റില്‍ നിയമനം നടത്തുന്നത് എന്ന ചോദ്യത്തിനു കെഎസ്ആര്‍ടിസിയ്ക്ക് എന്താണ് മറുപടി നല്‍കാന്‍ കഴിയുന്നത്? വിജിലന്‍സ് ഓഫീസര്‍ തസ്തിക കെഎസ്ആര്‍ടിസിയിലുണ്ട്. ഇതും പോരാഞ്ഞിട്ടാണ് പോസ്റ്റ്‌ ഒഴിഞ്ഞു കിടക്കുന്നു അതിനാല്‍ നിയമിക്കണം എന്ന് പറഞ്ഞു കെഎസ്ആര്‍ടിസി തലപ്പത്ത് നിയമനം നടത്താന്‍ കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്. 

ആര്‍ക്ക് വേണ്ടിയാണ് ധൃതിയില്‍ ഈ നിയമനം നടത്തുന്നത്? ശമ്പള കാര്യത്തില്‍  ലക്ഷങ്ങളുടെ അധിക ബാധ്യതയാണ് പോസ്റ്റ്‌  വഴി കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകാന്‍ പോകുന്നത് എന്ന് അറിയാത്തവര്‍ അല്ല കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് ഇരിക്കുന്ന സിഎംഡി ബിജു പ്രഭാകറിനെപ്പോലെയുള്ളവര്‍. എന്നിട്ടും എന്തിനു സുകേശന്റെ നിയമനകാര്യങ്ങള്‍ ഇത്ര ധൃതി പിടിച്ച് നടത്തി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന പ്രശ്നം മുന്നില്‍ നില്‍ക്കുമ്പോള്‍ അതെല്ലാം മറന്നാണ് ഈ അധിക ബാധ്യത പേറാന്‍ കെഎസ്ആര്‍ടിസി ധൃതി കാട്ടിയത്.

എന്തിനാണ് കെഎസ്ആര്‍ടിസിയില്‍  എക്സിക്യുട്ടീവ്‌ ഡയരക്ടര്‍ (വിജിലന്‍സ്) എന്ന പോസ്റ്റ്‌? അതിനുമാത്രം ക്രിമിനല്‍ കേസ് എവിടെയാണ് കെഎസ്ആര്‍ടിസിയ്ക്ക് വരുന്നത്.  ലോ ആന്റ് ഓര്‍ഡര്‍ കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നം കെഎസ്ആര്‍ടിസിയിലില്ല. പണം വാങ്ങിയ ശേഷം ഒരാള്‍ക്ക് ടിക്കറ്റ് നല്‍കിയില്ല. അല്ലെങ്കില്‍ ടിക്കറ്റ് നല്‍കി ബാക്കി പണം നല്‍കിയില്ല. ഇതുമല്ലെങ്കില്‍ യാത്രക്കാരെ  സ്റ്റോപ്പില്‍ ഇറക്കിയില്ല. രാത്രിയില്‍ സ്ത്രീകള്‍ക്ക് അവര്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ഇറക്കിയില്ല.  അല്ലെങ്കില്‍ മദ്യപിച്ച് ഡ്യൂട്ടി ചെയ്തു. ഇത്തരം പരാതികളാണ് കെഎസ്ആര്‍ടിസിയില്‍ വരുന്നത്. അതിനു വിജിലന്‍സ് ഓഫീസര്‍ അവിടെയുണ്ട്.   അദ്ദേഹം അത് അന്വേഷിക്കും. 

ഇനി ജീവനക്കാരുടെ പ്രശ്നം ആണെങ്കില്‍ കെഎസ്ആര്‍ റൂള്‍സ് തന്നെയാണ് അവര്‍ക്ക് ബാധകം. അത്യപൂര്‍വമായി സ്ത്രീ വിഷയങ്ങള്‍ വരും.  ഇതും ജീവനക്കാരുടെ പ്രശ്നങ്ങളും പോംവഴികളും ഉള്‍പ്പെടെ കെഎസ്ആര്‍ റൂള്‍സ് പ്രതിപാദിക്കുന്നുണ്ട്. പിന്നെന്തിനാണ് ലക്ഷങ്ങള്‍ അധിക ബാധ്യത നല്‍കി എക്സിക്യുട്ടീവ്‌ ഡയരക്ടര്‍ (വിജിലന്‍സ്) ആയി ഒരു നിയമനം നടത്തുന്നത്.

കെഎസ്ആര്‍ടിസി തലപ്പത്ത് പ്രൊഫഷണലിസം വേണം എന്ന് പറഞ്ഞു നിരവധി പേരെ നിയമിച്ചിരുന്നു. അവര്‍ക്ക് എല്ലാം ലക്ഷങ്ങള്‍ ശമ്പളം നല്‍കിയത് മാത്രം മിച്ചം. ഇത് ഇപ്പോഴത്തെ സിഎംഡിയ്ക്ക് വെരിഫൈ ചെയ്യാവുന്നതാണ്. ജനറല്‍ മാനേജര്‍ ടെക്നിക്കല്‍ ആയി മൂന്നുപേരെ മുന്‍പ് നിയമിച്ചിരുന്നു. ഓരോരുത്തരും ജോലി ചെയ്തത് ആറുമാസം മുതല്‍ എട്ടു മാസം വരെ മാത്രം

ശമ്പളധൂര്‍ത്തിന് മൂക്കുകയറില്ല 

ജനറല്‍ മാനേജരുടെ ശമ്പളം ഒന്നരലക്ഷം രൂപയാണ്. ഇവര്‍ ഓരോരുത്തരും ഒന്‍പത് ലക്ഷത്തോളം രൂപ വാങ്ങിയ ശേഷം തങ്ങള്‍ക്ക് കഴിയില്ല എന്ന് പറഞ്ഞു ഇവര്‍ ഒരോരുത്തരായി പടിയിറങ്ങിപ്പോയി. മുപ്പത്-നാല്പത് ലക്ഷത്തോളം രൂപ ശമ്പളമാണ് ഇവര്‍ കെഎസ്ആര്‍ടിസില്‍ നിന്നും കൈപ്പറ്റിയിരിക്കുന്നത്. ഇപ്പോള്‍ ജനറല്‍ മാനേജര്‍ ടെക്നിക്കല്‍ എന്ന പോസ്റ്റേ ഇല്ല. ഇനി ഓപ്പറേഷന്‍സ് ജനറല്‍ മാനേജരുടെ അവസ്ഥ നോക്കാം. ഇയാള്‍ക്കും ശമ്പളം ഒന്നര ലക്ഷം രൂപ. അതും പുറത്ത് നിന്നും നിയമിച്ചു.  

ആദ്യം വന്നയാള്‍ ലക്ഷങ്ങള്‍  ശമ്പളമായി വാങ്ങിയ ശേഷം പോയി. രണ്ടാമതും ആള് വന്നു പോയി. ഇയാളും കൈപ്പറ്റി ശമ്പളമായി ലക്ഷങ്ങള്‍. അഡ്മിനിസ്ട്രെഷന്‍ ചാര്‍ജിലേക്ക് സെക്രട്ടറിയെറ്റില്‍ നിന്നും ഒരു ഉദ്യോഗസ്ഥനെ കൊണ്ടുവന്നു. മൂന്നു വര്‍ഷമായി ഇയാള്‍ ജോലി ചെയ്തിരുന്നു. . ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് ഇയാള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ നിന്നും ശമ്പളം നല്‍കിയത്. ഒരു സുപ്രഭാതത്തില്‍ ഈ ഉദ്യോഗസ്ഥനെ  എംഡി തന്നെ പറഞ്ഞുവിട്ടു.

ഒരു ചീഫ് എഞ്ചിനീയറെ മുക്കാല്‍ ലക്ഷം രൂപ ശമ്പളത്തില്‍ നിയമിച്ചു. എന്താണ് ഇയാള്‍ക്ക് ജോലി? എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനവും എച്ച്എല്‍എല്ലിനു കരാര്‍ നല്‍കിയിരിക്കുകയാണ്. ചീഫ് എഞ്ചിനീയര്‍ എന്ന നിലയില്‍ ഒരു ഉത്തരവാദിത്തവും ഇയാള്‍ക്ക് ഇല്ല. എച്ച്എല്‍എല്‍ ചെയ്യുന്ന ജോലിയ്ക്ക് ചീഫ് എഞ്ചിനീയര്‍ക്ക് എന്ത് ഉത്തരവാദിത്തം? ഇത് അറിഞ്ഞു തന്നെയാണ് ചീഫ് എഞ്ചിനീയറെ നിയമിച്ചത്. എംഡിയുമായി ഉടക്കി ഈ ഉദ്യോഗസ്ഥനും സ്ഥലം കാലിയാക്കി. കൊടുത്ത ലക്ഷങ്ങള്‍  ഇതുപോലെ ആവിയായിപ്പോയി. 

രണ്ടാമതും ഇതേ പോസ്റ്റില്‍ ഒരു ഉദ്യോഗസ്ഥന്‍ വന്നു. ഇയാളും എംഡിയുമായി ഉടക്കി സ്ഥലം കാലിയാക്കി. നേരിട്ട് എച്ച്ആര്‍ മാനേജര്‍ ആയി വന്നവര്‍, നേരിട്ട് കോസ്റ്റ് അക്കൌണ്ടന്റ്മാരായി വന്നവര്‍  സിഎആയി വന്നവര്‍, ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികകളില്‍ വന്നവര്‍, അഡ്മിന്‍, ഓപ്പറേഷന്‍, ടെക്നിക്കല്‍ ചുമതലകളില്‍ വന്നവര്‍, ചീഫ് എഞ്ചിനീയര്‍മാരായി വന്നവര്‍, സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ ഭാഗമായി പരിഷ്ക്കരണത്തിനായി വന്നവര്‍, നൂറോളം പേരാണ് ഇങ്ങനെ കെഎസ്ആര്‍ടിസി തലപ്പത്ത് വന്നത്. എല്ലാവര്‍ക്കും ലക്ഷങ്ങള്‍ തന്നെ ശമ്പളം. 

ഒരാള്‍ പോലും ഇപ്പോള്‍ ഇത്തരം പോസ്റ്റുകളില്‍  നിലവിലില്ല. എന്താണ് ഇവരെ കൊണ്ട് വന്നതിന്റെ ഗുണം, ലക്‌ഷ്യം എന്ന് ചോദിച്ചാല്‍ കെഎസ്ആര്‍ടിസി മാനെജ്മെന്റ് ഇരുട്ടില്‍ തപ്പും. ആര്‍ക്കാണ് കുഴപ്പം? തൊഴിലാളികള്‍ക്കോ അതോ മാനേജ്മെന്റിനോ? ഈ രീതിയില്‍ നിയമനങ്ങള്‍ വഴിയും അത്യാഡംബരങ്ങള്‍ വഴി  ധനധൂര്‍ത്ത് നടത്തിയും മുന്നോട്ടു പോകുന്നതിനാലാണ് കഴിഞ്ഞ മാസം 229 കോടി രൂപ ലഭിച്ചിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്ത ആവസ്ഥ കെഎസ്ആര്‍ടിസിയ്ക്ക് മുന്നില്‍ വന്നത്.

Share this story