എന്തുകൊണ്ട് ലാത്തിച്ചാർജ് നടത്തിയില്ല; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പൊലീസുകാർക്ക് കമ്മീഷണറുടെ കടുത്ത ശാസന
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥർക്ക് നേരെ വ്യാപക അക്രമം ഉണ്ടായ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ കടുത്ത നടപടിയുമായി സിറ്റി പൊലീസ് കമ്മീഷണർ. ഇഡി ഉദ്യോഗസ്ഥർക്ക് നേരെ അക്രമികൾ കല്ലും മുട്ടയും എറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തപ്പോൾ പൊലീസ് നിഷ്ക്രിയരായി നോക്കിനിന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ ശാസന.
"അക്രമം തടയാൻ എന്തുകൊണ്ട് ലാത്തിച്ചാർജ് അടക്കമുള്ള ശക്തമായ നടപടികളിലേക്ക് പൊലീസ് കടന്നില്ല?" എന്ന് കമ്മീഷണർ ഉദ്യോഗസ്ഥരോട് നേരിട്ട് ചോദിച്ചു. കേന്ദ്ര ഏജൻസിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് കമ്മീഷണറുടെ പ്രാഥമിക വിലയിരുത്തൽ.
സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടും അക്രമികളെ പിരിച്ചുവിടാനോ ഇഡി ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യം ഒരുക്കാനോ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു കമ്മീഷണര്‍ വിമര്‍ശനം ഉന്നയിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ലഭിച്ചില്ലെന്നയിരുന്നു പൊലീസുകാരുടെ മറുപടി. ആക്രമണം തടയുന്നതിൽ പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരോട് കമ്മീഷണർ അടിയന്തരമായി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ കേസിലെ അന്വേഷണ ചുമതലകളില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മ്യൂസിയം എസ്എച്ച്ഒ ആര്‍ പ്രശാന്ത് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. തുടരന്വേഷണ ചുമതല മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം. തനിക്കെതിരെ നടന്നുവരുന്നത് കേരള പൊലീസിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്ന വ്യാജ പ്രചരണങ്ങളാണെന്ന് എസ്എച്ച്ഒ പറഞ്ഞു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ നടത്തിയത് സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണമാണ്. അന്വേഷണത്തില്‍ ഒരുതരത്തിലുള്ള പാളിച്ചയും വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. മ്യൂസിയം എസ്എച്ച്ഒ സ്ഥാനത്തുനിന്ന് മാറ്റണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ ആരോഗ്യ അവസ്ഥ ചൂണ്ടിക്കാണിച്ചാണ് കമ്മീഷണറോട് എസ്എച്ച്ഒ സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. അതേസമയം തല്‍ക്കാലം ചുമതലകളില്‍ തുടരാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ഏജൻസിക്ക് നേരെ ഉണ്ടായ അക്രമത്തിൽ ഹൈക്കോടതിയും അതൃപ്തി രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കമ്മീഷണറുടെ ഈ കർശന ഇടപെടൽ.
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇക്കഴിഞ്ഞ മെയ് 27നായിരുന്നു ഇ ഡിയുടെ മിന്നല്‍ പരിശോധന നടന്നത്. വീണ ടി പ്രതിയായ കേസില്‍ പിതാവും പ്രതിപക്ഷ നേതാവുമായി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയില്‍ അടക്കമായിരുന്നു റെയ്ഡ്. മകള്‍ പ്രതിയായ കേസില്‍ പിണറായി വിജയനെ ലക്ഷ്യംവെയ്ക്കുന്നുവെന്നായിരുന്നു സിപിഐഎം ആരോപണം. രാവിലെ ആരംഭിച്ച റെയ്ഡ് എട്ട് മണിക്കൂറോളം നീണ്ടിരുന്നു. ഈ സമയമത്രയും പിണറായി വിജയന്റെ വസതിക്ക് പുറത്ത് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. റെയ്ഡിന് ശേഷം ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്.
ആദ്യം മ്യൂസിയം പൊലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് പിന്നീട് പ്രത്യേക സംഘത്തിന് വിട്ടു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. മ്യൂസിയം എസ്എച്ച്ഒ ആര്‍ പ്രശാന്ത് തന്നെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. അഞ്ച് ഇന്‍സ്പെക്ടര്‍മാരും ഏഴ് എസ്ഐമാരും അടക്കം മുപ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറ് മുതല്‍ പത്ത് വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കിരണ്‍, അനില്‍കുമാര്‍, ഷരീഫ്, ഹരീഷ് കുമാര്‍, ദിനീത് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തണം, പ്രതികളുടെ ഗൂഢാലോചന കണ്ടെത്തണം. കൂട്ടുപ്രതികളെ തിരിച്ചറിയണം, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പ്രതികളെ തിരിച്ചറിയണം എന്നീ ആവശ്യങ്ങളായിരുന്നു പൊലീസ് കസ്റ്റഡിയില്‍ അപേക്ഷയില്‍ ഉന്നയിച്ചത്. ഇത് പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി.
