കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത
Sun, 19 Mar 2023

സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് നേരിയ വേനൽ മഴക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. അടുത്ത ദിവസങ്ങളിൽ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ലഭിച്ചേക്കും.
ഇടിമിന്നലോടുകൂടി മഴയ്ക്കാണ് സാധ്യത. വേനൽ മഴ ലഭിച്ചു തുടങ്ങിയതോടെ പൊള്ളുന്ന ചൂടിന് ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 38 ഡിഗ്രി സെൽഷ്യസിനടുത്ത് രേഖപ്പെടുത്തിയ ചൂട് 36 ഡിഗ്രിയിലേക്ക് താഴ്ന്നു. കോട്ടയം, പാലക്കാട്, പുനലൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.