വയനാട്ടിൽ വന്യമൃഗശല്യം രൂക്ഷം; വിവിധയിടങ്ങളിൽ പുലിയും കാട്ടാനയും: ആശങ്കയിൽ ജനങ്ങൾ
വയനാട്ടിൽ വിവിധയിടങ്ങളിൽ വന്യമൃഗശല്യം രൂക്ഷം. ചൂരൽമല, മേപ്പാടി, പൂത്തക്കൊല്ലി, മൂപ്പൈനാട് എന്നിവിടങ്ങളിൽ പുലിയിറങ്ങി. ചീരാലിൽ കടുവ ആടിനെ കൊന്നു. അതേസമയം, കർണാടക അതിർത്തി പ്രദേശമായ കുട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികയ്ക്ക് പരിക്കേറ്റു.
ചൂരൽമല ഗോപിമൂലയിലാണ് പുലിയിറങ്ങിയത്. അമൽനിവാസിൽ വിജയന്റെ വീട്ടിലെത്തിയ പുലി വളർത്തുനായയെ പിടിച്ചുകൊണ്ടുപോയി. പ്രദേശത്ത് നേരത്തെയും പുലിശല്യമുണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മേപ്പാടി റേഞ്ചിന് കീഴിലുള്ള മൂപ്പൈനാട് ജയ്ഹിന്ദ് ഉന്നതിയിൽ രണ്ട് ആടുകളെയാണ് പുലി ആക്രമിച്ച് കൊന്നത്. പ്രദേശവാസിയായ രാജന്റെ ആടുകളിലൊന്നിനെ പുലി കൊണ്ടുപോകുകയും മറ്റൊന്നിനെ ഉപേക്ഷിക്കുകയും ചെയ്തു. ഇതിനിടെ പൂത്തക്കൊല്ലി സ്വദേശി പ്രഭുവിന്റെ വീട്ടിലെ സിസിടിവിയിൽ മൂന്ന് പുലികളുടെ ദൃശ്യങ്ങളും പതിഞ്ഞു.
വയനാട് ചീരാലിൽ ഇറങ്ങിയ കടുവ കണ്ണിവട്ടം മണൽപ്പിള്ളി ഷൗക്കത്തിന്റെ ആടിനെയും കൊന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തുടർച്ചയായ വന്യമൃഗശല്യത്തിൽ പ്രദേശവാസികൾ ഭീതിയിലാണ്.
വയനാടിനോട് ചേർന്ന കർണാടകയിലെ കുടക് ജില്ലയിലെ കുട്ടയിലും കാട്ടാന ആക്രമണമുണ്ടായി. നാണിച്ചി ബളാകോവ് ഉന്നതിയിലെ മാരക്കയ്ക്കാണ് പരിക്കേറ്റത്. കാപ്പിത്തോട്ടത്തിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. പരിക്കേറ്റ വയോധികയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
