വീണ്ടും കാട്ടാനക്കലി: പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം; ആക്രമണം നടത്തിയത് 'ചക്കക്കൊമ്പൻ'
ഇടുക്കി: ജില്ലയിൽ വന്യജീവി ആക്രമണം വീണ്ടും രൂക്ഷമാകുന്നു. പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പൂപ്പാറ സ്വദേശിയായ പി.വി. വിജയനാണ് (48) ദാരുണമായി കൊല്ലപ്പെട്ടത്. പ്രദേശത്ത് സ്ഥിരമായി ഭീതി വിതയ്ക്കുന്ന 'ചക്കക്കൊമ്പൻ' എന്ന കാട്ടാനയാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെയാണ് സംഭവം. പ്രദേശത്ത് തമ്പടിച്ചിരുന്ന ആന വിജയന് നേരെ പെട്ടെന്ന് പാഞ്ഞടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസത്തിനിടെ മേഖലയിൽ കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിയുന്ന മൂന്നാമത്തെ വ്യക്തിയാണിത്.
തുടർച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നാട്ടുകാരും തോട്ടം തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ജനവാസമേഖലയിലെ കാട്ടാനകളെ വനത്തിലേക്ക് തുരത്താൻ വനംവകുപ്പും ആർ.ആർ.ടി സംഘവും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
