ലോകത്ത് ആരെങ്കിലും അവരുമായി സിനിമയുടെ കാര്യം ചർച്ചചെയ്യുമോ; സ്വപ്നയെ അവിശ്വസിക്കേണ്ട കാര്യമില്ല: പ്രതിപക്ഷ നേതാവ് വിഡി സതീശൻ

VD Satheshan

കൊച്ചി: സ്വർണക്കടത്തു കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന സ്വപ്ന സുരേഷിന്‍റെ വാദത്തെ അവിശ്വസിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോപണ വിധേയനായ വിജേഷ് പിള്ളയുടെ വാക്കുകൾ വിശ്വാസത്തിലെടുക്കാൻ പറ്റുന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രാഥമികമായി നോക്കിയാൽ സ്വപ്നയെ അവിശ്വസിക്കേണ്ട കാര്യമില്ല, സ്വപ്ന പറയുന്നത് കള്ളമാണെങ്കിൽ എന്തുകൊണ്ട് സർക്കാർ നിയമ നടപടിക്ക് മുതിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നേരത്തെയും ഇത്തരം ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴും ഒരു അപകീർത്തി കേസു പോലും കൊടുത്തിട്ടില്ല, മറിച്ച് കള്ളക്കേസാണ് കൊടുത്തത്. ഇവർക്ക് സ്വപ്നയെ പേടിയാണ്, കൂടുതൽ വിവരങ്ങൾ പുറത്തു പറയുമോ എന്ന ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

വിജയ് പിള്ള പറയുന്നത് എങ്ങനെയാണ് വിശ്വാസത്തിലെടുക്കാനാവുന്നതെന്നു ചോദിച്ച പ്രതിപക്ഷ നേതാവ് ലോകത്ത് ആരെങ്കിലും അവരുമായി സിനിമയുടെ കാര്യം ചർച്ചചെയ്യുമോ എന്നും ചോദിച്ചു. സാമാന്യ യുക്തിയുള്ള ആരും ഇത് വിശ്വസിക്കില്ല. ഇപ്പോൾ ബെംഗളൂരുവിലെത്തി വെബ് സീരിസിനെക്കുറിച്ച് സംസാരിക്കാൻ പറ്റി‍യ സമയമാണെന്നും പരിഹസിച്ചു.

Share this story