വടകരയിൽ കെ കെ ശൈലജ വീഴുമോ; 12,000ലേറെ വോട്ടുകളുടെ ലീഡുമായി ഷാഫി പറമ്പിൽ

shafi

സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലമായിരുന്നു വടകര. ഏറെ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നടന്ന മണ്ഡലം. വോട്ടെണ്ണൽ രണ്ട് മണിക്കൂറിലേക്ക് എത്തുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മികച്ച ലീഡുമായി മുന്നോട്ടു പോകുകയാണ്. 

നിലവിൽ 12,639 വോട്ടുകളുടെ ലീഡാണ് ഷാഫി പറമ്പിലിനുള്ളത്. ഒരു ഘട്ടത്തിൽ പോലും കെ കെ ശൈലജക്ക് ഷാഫിയെ മറികടക്കാനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം നിലവിൽ യുഡിഎഫ് അനുകൂല കേന്ദ്രങ്ങളിൽ നിന്നുള്ള വോട്ടുകളാണ് എണ്ണുന്നത്. 

സംസ്ഥാനത്തെ 20 സീറ്റുകളിൽ 16 സീറ്റുകളിലും യുഡിഎഫ് ആണ് മുന്നിട്ട് നിൽക്കുന്നത്. ഇടുക്കിയിൽ 27,000ത്തിലേറെ വോട്ടുകളുടെ ലീഡ് യുഡിഎഫിനുണ്ട്. എറണാകുളത്ത് ഹൈബി ഈഡന്റെ ലീഡ് മുപ്പതിനായിരത്തിന് മുകളിലാണ്. 

അതേസമയം ഇരുമുന്നണികളെയും ഞെട്ടിച്ച് തൃശ്ശൂരിൽ സുരേഷ് ഗോപിയാണ് മുന്നേറുന്നത്. സുരേഷ് ഗോപിക്ക് നിലവിൽ പതിനായിരത്തിലേറെ വോട്ടുകളുടെ ലീഡുണ്ട്. കേരളത്തിൽ താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി അണികൾ
 

Share this story