ചൈനയിൽ നടക്കുന്ന ക്രൈസ്തവ വേട്ടകളെ പിണറായി തള്ളിപ്പറയുമോ: വി മുരളീധരൻ

V Muraleedharan

ബിജെപി നേതാക്കളുടെ ഈസ്റ്റർ ദിനത്തിലെ ബിഷപ് ഹൗസ് സന്ദർശനത്തിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി സിപിഎമ്മും ബിജെപിയും. ബിഷപിനെതിരായ നികൃഷ്ട ജീവി പ്രയോഗത്തിൽ പശ്ചാത്തപിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സിപിഎം മുസ്ലീംവത്കരിക്കപ്പെട്ടെന്ന് കെ സുരേന്ദ്രനും ആരോപിച്ചു. 

ചൈനയിലുൾപ്പെടെ നടക്കുന്ന ക്രൈസ്തവ വേട്ടയെ മുഖ്യമന്ത്രി തള്ളി പറയുമോയെന്ന് വി മുരളീധരൻ ചോദിച്ചു. അതേസമയം ആർ എസ് എസിന്റെ വിചാരധാരയും സർസംഘ്ചാലകിന്റെ ലേഖനവുമായി ബന്ധപ്പെട്ട തുടർച്ചയായ ചോദ്യങ്ങളിൽ പ്രതികരിക്കാൻ സഹമന്ത്രി തയ്യാറായില്ല. 

മന്ത്രി റിയാസിനെതിരെയായിരുന്നു കെ സുരേന്ദ്രന്റെ വിമർശനം. മുസ്ലീം തീവ്രവാദ സംഘടനകളുടെ പിന്തുണയോടെ ഭരണമുറപ്പിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണ് റിയാസിന്റെ വിമർശനങ്ങളെന്ന് സുരേന്ദ്രൻ ആരോപിച്ചു. പ്രധാനമന്ത്രി വിവേചനം കാണിക്കില്ലെന്ന് ക്രൈസ്തവർ തിരിച്ചറിഞ്ഞതായി പ്രകാശ് ജാവേദ്കറും പ്രതികരിച്ചു.
 

Share this story