തൃശൂരിൽ ലോഡ്ജിൽ പ്രസവത്തെ തുടർന്ന് യുവതിയും നവജാതശിശുവും മരിച്ച നിലയിൽ; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
തൃശൂർ: നഗരമധ്യത്തിലെ ലോഡ്ജ് മുറിയിൽ പ്രസവത്തെ തുടർന്ന് യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവറെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ശനിയാഴ്ച (ജൂൺ 27) ഉച്ചയ്ക്ക് ശേഷമാണ് ഓട്ടോ ഡ്രൈവർക്കൊപ്പം യുവതി ലോഡ്ജിൽ മുറിയെടുത്തത്. ഹോട്ടലിലെ 108-ാം നമ്പർ മുറിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇന്ന് ഉച്ചയോടെ ഓട്ടോ ഡ്രൈവർ ലോഡ്ജ് റിസപ്ഷനിലെത്തി, കഴിഞ്ഞ രണ്ട് ദിവസമായി യുവതി ഫോൺ എടുക്കുന്നില്ലെന്ന വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ലോഡ്ജ് അധികൃതർ പോലീസിൽ വിവരമറിയിച്ചു. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നതിനാൽ പോലീസും ഫയർഫോഴ്സും എത്തി വാതിൽ തകർത്താണ് അകത്തുകയറിയത്. ഈ സമയത്താണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രസവത്തെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കൃത്യമായ മരണകാരണം വ്യക്തമല്ല. കസ്റ്റഡിയിലുള്ള ഓട്ടോ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
